തദ്ദേശ തിരഞ്ഞെടുപ്പ്: പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം

തദ്ദേശ തിരഞ്ഞെടുപ്പ്: പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പാർട്ടികളുടെ ചിഹ്നങ്ങൾ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറത്തിറക്കി. കരട് വിജ്ഞാപനം www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിജ്ഞാപനത്തിനെതിരായ ആക്ഷേപങ്ങൾ 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് നേരിട്ട് സമർപ്പിക്കണം.

ഒന്നാം പട്ടികയിൽ ദേശീയ പാർട്ടികളായ ആം ആദ്മി പാർട്ടി (ചൂല്), ബഹുജൻ സമാജ് പാർട്ടി (ആന), ബി.ജെ.പി (താമര), സി.പി.എം (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ), നാഷണൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവയ്ക്ക് ചിഹ്നങ്ങൾ അനുവദിച്ചു.

രണ്ടാം പട്ടികയിൽ കേരളത്തിലെ സംസ്ഥാന പാർട്ടികളായ സി.പി.ഐ (ധാന്യക്കതിരും അരിവാളും), ജനതാദൾ (സെക്യുലർ) (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ), ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി), കേരള കോൺഗ്രസ് (എം) (രണ്ടില), കേരള കോൺഗ്രസ് (ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺകോരിയും) എന്നിവയ്ക്കും ചിഹ്നങ്ങൾ നൽകിയിട്ടുണ്ട്.

മൂന്നാം പട്ടികയിൽ മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലോ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിലോ അംഗങ്ങളുള്ളതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തതുമായ 28 രാഷ്ട്രീയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചു. പട്ടിക നാലിലുള്ള 73 സ്വതന്ത്ര ചിഹ്നങ്ങളിൽ 1, 2, 3 പട്ടികകളിൽ ഉൾപ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തതുമായ രാഷ്ട്രീയ പാർട്ടികൾക്ക് അവർ ആവശ്യപ്പെട്ട പ്രകാരമുള്ള സ്വതന്ത്ര ചിഹ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ചിഹ്നം ലഭിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യമെങ്കിൽ അപേക്ഷിക്കുന്ന മുറയ്ക്ക് സ്വതന്ത്ര ചിഹ്നം അനുവദിക്കും.

Local elections: Draft notification allocating symbols to parties

Share Email
Top