ചരിത്രം കുറിച്ച് ‘ലോക’: ഏഴാം ദിവസം 100 കോടി ക്ലബ്ബിൽ, അപൂർവ റെക്കോർഡ്, ലേഡി സൂപ്പർസ്റ്റാർ ജനിക്കുന്നു!

ചരിത്രം കുറിച്ച് ‘ലോക’: ഏഴാം ദിവസം 100 കോടി ക്ലബ്ബിൽ, അപൂർവ റെക്കോർഡ്, ലേഡി സൂപ്പർസ്റ്റാർ ജനിക്കുന്നു!

തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടംപിടിച്ച് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ‘ലോക’ എന്ന ചിത്രം. റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ 100 കോടി ക്ലബ്ബിൽ കടന്ന ഈ സിനിമ, മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രവും, ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ മലയാള സിനിമയുമാണ്. നായിക പ്രാധാന്യമുള്ള ഒരു ചിത്രം ബോക്സ് ഓഫീസിൽ ഇത്രയും വലിയ വിജയം നേടുന്നത് മലയാള സിനിമയിൽ ഒരു അപൂർവ കാഴ്ചയാണ്.

ഏകദേശം 30 കോടി ബജറ്റിൽ നിർമിച്ച ‘ലോക’ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസിന്റെ ഏഴാമത്തെ നിർമാണ സംരംഭമാണ്. ‘ലോക’ എന്ന പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ ‘ചന്ദ്ര’ ഹോളിവുഡ് നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്ന് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നു.

സൂപ്പർ ഹീറോ കഥാപാത്രമായാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഒന്നിലധികം ഭാഗങ്ങളുള്ള ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗം തന്നെ വലിയ വിജയമായതോടെ ആരാധകർ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്.

ബോക്സ് ഓഫീസ് വിജയം

മലയാള സിനിമയുടെ മാർവൽ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ‘ലോക’. മേക്കിംഗിലൂടെ മറ്റൊരു ലോകം തന്നെയാണ് എഴുത്തുകാരനും സംവിധായകനുമായ ഡൊമിനിക് അരുൺ ഒരുക്കിയിരിക്കുന്നത്. ഈ ഓണക്കാലത്ത് ‘ലോക’ തരംഗമായിരിക്കുകയാണ്. ഓരോ ദിവസം കഴിയുമ്പോഴും ചിത്രത്തിന് തിരക്ക് കൂടുകയാണ്. രണ്ടാം ദിവസം 15 കോടിയും മൂന്നാം ദിവസം 14 കോടിയും നേടിയ ‘ലോക’ നാലാം ദിവസം 20 കോടിയിലധികം നേടി. ഒറ്റ ദിവസം കൊണ്ട് 20 കോടി എന്ന നേട്ടം കൈവരിച്ചതിലൂടെ മോഹൻലാലിന് മാത്രം സാധ്യമായൊരു നേട്ടമാണ് കല്യാണി പ്രിയദർശൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുമുമ്പ് എട്ട് തവണയാണ് മലയാളത്തിൽ ഒരു ദിവസം 20 കോടി നേടിയ സിനിമകളുണ്ടായത്. ആ എട്ട് തവണയും ആ നേട്ടം മോഹൻലാൽ സിനിമകൾക്കായിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ നോൺ-മോഹൻലാൽ ചിത്രമായി മാറുകയാണ് ‘ലോക ചാപ്റ്റർ 1: ചന്ദ്ര’. ഈ കുതിപ്പ് തുടരുകയാണെങ്കിൽ ബോക്സ് ഓഫീസ് കളക്ഷൻ അവസാനിക്കുമ്പോഴേക്കും 200 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കല്യാണിയും ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് ഉയരുകയാണ്.

മലയാളത്തിലെ ആദ്യത്തെ സൂപ്പർവുമൺ സീരീസിലെ നായികയാണ് കല്യാണി. മിത്തും യാഥാർഥ്യവും സാങ്കേതികവിദ്യയുമെല്ലാം സമന്വയിപ്പിച്ച ഇത്തരം സിനിമകൾക്ക് സാധാരണ ബോളിവുഡിൽ നിന്ന് നടിമാരെ കൊണ്ടുവരികയാണ് പതിവ്. മലയാളത്തിലെ നടിമാർക്ക് ഇപ്പോഴും ശാരീരികക്ഷമത (ഫിസിക്കൽ ഫിറ്റ്‌നസ്) അത്രയധികം ഇല്ല. എന്നാൽ, ഈ ചിത്രത്തിൽ ഒരു രംഗമൊഴികെ ബാക്കിയെല്ലാം ഡ്യൂപ്പില്ലാതെയാണ് താൻ ചെയ്തതെന്ന് കല്യാണി പറഞ്ഞിരുന്നു. ഈ കഥാപാത്രത്തിന് കല്യാണിക്ക് പകരം മറ്റൊരു നായികയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല.

നായകന്റെ സഹചാരികളായി മാത്രം ഒതുങ്ങുന്ന സ്ത്രീ കഥാപാത്രങ്ങളാണ് മലയാളത്തിൽ കൂടുതലും. മഞ്ജു വാര്യർക്ക് മാത്രമാണ് മുമ്പ് ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് ലഭിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ആ ടാഗ് ലൈൻ കല്യാണി പ്രിയദർശന് കൈമാറാനുള്ള സമയമായി. ഷീല, ശാരദ, ജയഭാരതി, ഗീത, മാധവി, സുമലത, ഉർവശി, ശോഭന, പാർവതി തിരുവോത്ത് എന്നീ നടിമാരുടെ നിരയിലേക്ക് കല്യാണിയും ഇടം പിടിച്ചിരിക്കുന്നു. ഈ ഓണക്കാലത്ത് കല്യാണിയുടെ രണ്ട് സിനിമകളാണ് ഒരേ സമയം റിലീസ് ചെയ്തത് – ‘ലോക’യും ഫഹദിന്റെ ‘ഓടും കുതിര ചാടും കുതിര’യും. ഈ രണ്ടു ചിത്രങ്ങളും കല്യാണി എന്ന നടിയുടെ കഴിവ് തെളിയിക്കുന്നവയാണ്. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായി ജനിച്ചുവെങ്കിലും താരകുടുംബത്തിൽ ജനിച്ചതിന്റെ ആനുകൂല്യത്തിൽ ലഭിച്ചതല്ല കല്യാണിയുടെ ജീവിതവിജയം, അത് അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്.

കല്യാണിയുടെ സിനിമാ ജീവിതം

1993 ഏപ്രിൽ 5-ന് ചെന്നൈയിലാണ് കല്യാണി ജനിച്ചത്. സിദ്ധാർത്ഥ് എന്ന ഒരു അനുജനുണ്ട്. മോഹൻലാൽ, സുരേഷ് കുമാർ, ഐ.വി. ശശി എന്നിവരുടെ കുടുംബങ്ങളുമായി അടുത്ത സൗഹൃദം കല്യാണിയുടെ ബാല്യകാലത്തിനുണ്ടായിരുന്നു. മോഹൻലാലിന്റെ മക്കളായ പ്രണവും വിസ്മയയും, ഐ.വി. ശശിയുടെയും സീമയുടെയും മകൻ അനി ശശിയും കല്യാണിയുടെ കളിക്കൂട്ടുകാരായിരുന്നു. ഈ കൂട്ടുകാരെല്ലാം പിന്നീട് സിനിമയിലെത്തി. കല്യാണിയുടെ സഹോദരൻ സിദ്ധാർത്ഥ് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന് മികച്ച ഗ്രാഫിക്സ് ഡിസൈനർക്കുള്ള ദേശീയ പുരസ്കാരം നേടി. അനി ശശിയും പ്രിയദർശനൊപ്പം പ്രവർത്തിക്കുന്നുണ്ട്. സുരേഷ് കുമാറിന്റെയും മേനകയുടെയും മകൾ കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ്.

കല്യാണിയെ എഴുത്തിനിരുത്തിയത് സംവിധായകൻ ഹരിഹരനാണ്. ചെന്നൈയിലെ ലേഡി ആന്റൽ, വി.ആർ.എം. എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലായിരുന്നു കല്യാണിയുടെ സ്കൂൾ പഠനം. പിന്നീട് ന്യൂയോർക്കിലെ പാർസൺസ് സ്കൂളിൽ നിന്ന് ആർക്കിടെക്ചർ ഡിസൈനിങ്ങിൽ ബിരുദം നേടി. ചെറുപ്പത്തിൽ സിനിമയിൽ പ്രവർത്തിക്കാൻ കല്യാണിക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ പഠനശേഷം തീയേറ്റർ ഗ്രൂപ്പുകളിൽ പ്രവർത്തിച്ചു. ക്യാമറയ്ക്ക് പിന്നിൽ നിന്നാണ് കല്യാണി വെള്ളിത്തിരയിലെത്തുന്നത്. 2013-ൽ ഒരു ഹിന്ദി സിനിമയിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായും, 2016-ൽ ഒരു തമിഴ് സിനിമയിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചു. 2017-ൽ റിലീസായ വിക്രം കുമാർ സംവിധാനം ചെയ്ത ‘ഹലോ’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

ചെറുപ്പത്തിൽ കല്യാണി ഒരു നടിയാകുമെന്ന് ആരും കരുതിയിരുന്നില്ല. “ഞാൻ ആദ്യം തടിച്ച ഒരു കുട്ടിയായിരുന്നു. ആദ്യമൊക്കെ കൂട്ടുകാർ കളിയാക്കുമായിരുന്നു. ശരിക്കും ഒരു ടോംബോയ് ആയിരുന്നു. സിനിമയുടെ ഭാഗമായി പിന്നണിയിൽ എത്തിയപ്പോഴാണ് തടി കുറച്ചത്. അല്ലാതെ നടിയാകാൻ വേണ്ടിയല്ല” എന്ന് കല്യാണി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. നടിയുടെ പഴയ ചിത്രങ്ങൾ കണ്ടാൽ ആരും അത്ഭുതപ്പെട്ടുപോകും. തടിച്ച് വലിയ കണ്ണടവെച്ച് നിന്ന രൂപത്തിൽ നിന്ന് സ്ലിം ബ്യൂട്ടിയായി മാറിയ കല്യാണിയുടെ മാറ്റം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.

‘ലോക’യുടെ ട്രെയിലർ ലോഞ്ചിനിടെ പ്രിയദർശൻ പറഞ്ഞത്, “എന്റെ മകൾ സിനിമയിലെത്തുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഒരു ദിവസം അവൾ എന്നോട് വന്നു ചോദിച്ചു, അച്ഛാ നാഗാർജുന അങ്കിൾ ഒരു സിനിമയിൽ അഭിനയിക്കാമോ എന്ന് ചോദിച്ചു. നിന്നെക്കൊണ്ട് കഴിയുമോ എന്ന് ഞാൻ ചോദിച്ചു. ശ്രമിച്ചു നോക്കാം, ഒന്നും നഷ്ടപ്പെടാനില്ലല്ലോ എന്ന് അവൾ പറഞ്ഞു. അങ്ങനെയാണ് കല്യാണി അഭിനയിക്കാൻ തുടങ്ങിയത്” എന്നാണ്.

എന്നാൽ താൻ സിനിമയിലെത്താനുള്ള കാരണം അച്ഛന്റെ സിനിമയുടെ സെറ്റുകളിൽ കണ്ട മനോഹരമായ അനുഭവങ്ങളാണെന്ന് കല്യാണി പറയുന്നു. “സിനിമാ ഇൻഡസ്ട്രിയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചത് അതിന്റെ ഗ്ലാമറസായ ലോകം കണ്ടിട്ടല്ല. എന്റെ അവധിക്കാലം കൂടുതലും ലൊക്കേഷനുകളിൽ അച്ഛനെ സന്ദർശിക്കാനുള്ളതായിരുന്നു. അവിടെ ദുഃഖിതനായ ഒരാളെയും ഞാൻ കണ്ടിട്ടില്ല. അദ്ദേഹമെപ്പോഴും സുഹൃത്തുക്കൾക്കൊപ്പം തമാശ പറയുകയും ചിരിക്കുകയും ചെയ്തു. അവർ ഏറ്റവും സന്തോഷമുള്ള മനുഷ്യരായിരുന്നു. ആ നിമിഷങ്ങളിലാണ് സിനിമയെന്ന സ്വപ്നം എന്നിൽ രൂപപ്പെട്ടത്. അത്തരത്തിലുള്ള ഒരു ജീവിതം നയിക്കാൻ ഞാൻ ആഗ്രഹിച്ചു.” പ്രിയന്റെ സെറ്റുകളിൽ കണ്ട അതേ ആംബിയൻസ് ‘ഹൃദയം’ സിനിമ അഭിനയിക്കുമ്പോഴും തനിക്ക് ലഭിച്ചിരുന്നുവെന്ന് കല്യാണി എഴുതിയിരുന്നു.

മലയാള സിനിമയിലെ വളർച്ചയും വ്യക്തിപരമായ ജീവിതവും

മലയാള സിനിമയിൽ സജീവമാകുന്നതുവരെ കല്യാണിക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു. സോഷ്യൽ മീഡിയയിലും നടി അത്ര സജീവമായിരുന്നില്ല. അഭിമുഖങ്ങൾ നൽകാൻ തനിക്ക് ഭയമാണെന്നും തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതകൾ കൂടുതലാണെന്നും കല്യാണി പറഞ്ഞിട്ടുണ്ട്. “കഥാപാത്രങ്ങളുടെ മുഖംമൂടികൾക്ക് പിന്നിൽ ഒളിക്കാനാണ് എനിക്ക് ഇഷ്ടം. സ്വകാര്യത ഇഷ്ടപ്പെടുന്നൊരു വ്യക്തിയാണ് ഞാൻ.” ‘ലോക’യുടെ വലിയ വിജയത്തിനു ശേഷമാണ് അവർ അഭിമുഖങ്ങളിൽ കാര്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

2020-ൽ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ദുൽഖറിനൊപ്പമുള്ള ആദ്യ മലയാള ചിത്രം തന്നെ ഹിറ്റായി. ഇന്നും ദുൽഖറുമായി വളരെ നല്ല ബന്ധം തനിക്കുണ്ടെന്നും, കരിയറിൽ ഒരു പ്രതിസന്ധി വരുമ്പോൾ ഉപദേശം തേടുന്നത് ദുൽഖറിൽ നിന്നാണെന്നും കല്യാണി പറഞ്ഞിരുന്നു.

പിന്നീട് ‘ഹൃദയ’ത്തിൽ പ്രണവിനൊപ്പവും ‘ബ്രോ ഡാഡി’യിൽ പൃഥ്വിരാജിനൊപ്പവും കല്യാണി നായികയായി. എന്നാൽ 2022-ൽ ഇറങ്ങിയ ‘തല്ലുമാല’യിലെ ഫാത്തിമ എന്ന കഥാപാത്രം തീർത്തും വ്യത്യസ്തമായിരുന്നു. ചിത്രം ഹിറ്റായതോടെ കല്യാണി ഇൻഡസ്ട്രിയിലെ ഏറ്റവും വിലപിടിപ്പുള്ള നടിമാരിലൊരാളായി. എന്നാൽ 2023-ൽ ഇറങ്ങിയ ‘ശേഷം മൈക്കിൽ ഫാത്തിമ’ കല്യാണിക്ക് അത്ര നല്ല പേരല്ല സമ്മാനിച്ചത്. ‘ക്യൂട്ട്‌നെസ് ഓവർലോഡഡ്’ എന്നായിരുന്നു പ്രധാന വിമർശനം.

‘ക്യൂട്ട്‌നെസ്’ നിറഞ്ഞ കഥാപാത്രങ്ങളിൽ നിന്ന് ആക്ഷൻ ഹീറോയിനിലേക്കുള്ള കല്യാണിയുടെ യാത്രയുടെ തുടക്കം 2023-ലെ ജോഷിയുടെ ‘ആന്റണി’ എന്ന സിനിമയിലൂടെയാണ്. ചിത്രത്തിൽ കിക്ക് ബോക്സിങ് താരമായി അഭിനയിക്കുന്നതിനായി നടത്തിയ പരിശീലനത്തിനിടെ ലഭിച്ച പരിക്കുകളുടെ ചിത്രങ്ങൾ കല്യാണി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. “നിങ്ങളുടെ കംഫർട്ട് സോണിൽ തന്നെ നിന്നാൽ നിങ്ങൾക്ക് വളരാൻ കഴിയില്ല. അതുപോലെ തന്നെ നിങ്ങൾ വളരാൻ ആഗ്രഹിച്ചാൽ അവിടെ നിങ്ങൾക്ക് ഒരു കംഫർട്ടും ഉണ്ടാകില്ല. ഇത് ഞാൻ വൈകിയാണ് മനസ്സിലാക്കിയ ഒരു കാര്യം. സിനിമയിൽ നിങ്ങൾ കാണുന്ന പഞ്ച്, കിക്ക്, മുറിവുകൾ, കണ്ണുനീർ, പുഞ്ചിരികൾ എല്ലാം യഥാർത്ഥമായിരുന്നു. എന്നാൽ രക്തം മാത്രം യഥാർത്ഥമായിരുന്നില്ല,” കല്യാണി കുറിച്ചു. ജോജു ജോർജ് നായകനായ ‘ആന്റണി’ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും അതാണ് കല്യാണിയെ ‘ലോക’ പോലുള്ള ഒരു സിനിമയിലേക്ക് എത്തിച്ചതും ‘മലയാളത്തിന്റെ ആഞ്ചലീന ജോളി’ എന്ന വിശേഷണത്തിന് അർഹയാക്കിയതും.

‘ലോക’യിലേക്ക് എത്തുമ്പോൾ, ആറടി പൊക്കമില്ലാത്ത, ഫിറ്റ്നസ് ഫ്രീക്ക് അല്ലാത്ത കല്യാണിയെക്കൊണ്ട് മാസ് വേഷം പറ്റുമോ എന്ന് പലരും ആശങ്കപ്പെട്ടിരുന്നു. എന്നാൽ 80 ശതമാനം ആക്ഷൻ രംഗങ്ങളും കല്യാണി ഡ്യൂപ്പില്ലാതെയാണ് ചെയ്തത്. ‘ലോക’യിലെ ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോൾ തന്റെ ധാരണകൾ മാറിയെന്നും ആക്ഷൻ രംഗങ്ങൾ നന്നായി ചെയ്യാൻ കഴിഞ്ഞത് കോച്ചിങ്ങിന്റെ ഗുണം കൊണ്ടാണെന്നും കല്യാണി പിന്നീട് പറഞ്ഞു. “ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോൾ എനിക്ക് എന്നെക്കുറിച്ചുള്ള ധാരണകൾ തന്നെ മാറി. ശാരീരികമായി മാത്രമല്ല, മാനസികമായും ഞാൻ അത്‌ലറ്റിക് അല്ലായിരുന്നു. ശാരീരികമായി ദുർബലയായിരുന്നതുകൊണ്ട് ഞാൻ ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. ഇപ്പോൾ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ കാരണം എന്റെ കോച്ചാണ്. എന്റെ ആക്ഷൻ സ്റ്റൈൽ നന്നാക്കാൻ വേണ്ടിയാണ് ഞാൻ കോച്ചിങ്ങിന് പോയത്. ആക്ഷൻ സീനുകൾ ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് അതിന്റെ ഗുണം മനസ്സിലായി,” കല്യാണി പറയുന്നു.

കുടുംബവും വ്യക്തിബന്ധങ്ങളും

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം മാതാപിതാക്കളുടെ വിവാഹമോചനമാണെന്ന് കല്യാണി പറഞ്ഞിട്ടുണ്ട്. പ്രിയദർശനും നടി ലിസിയും തമ്മിലുള്ള വിവാഹമോചനം ആരാധകരെയും ഞെട്ടിച്ചിരുന്നു. 26 വർഷത്തെ ദാമ്പത്യം 2016-ലാണ് അവസാനിച്ചത്.

പ്രിയദർശന്റെ സിനിമകളെപ്പോലെ തന്നെ വിവാദങ്ങളും ബഹളങ്ങളും നിറഞ്ഞതായിരുന്നു അവരുടെ പ്രണയവും. പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെയായിരുന്നു ലിസിയുടെ സിനിമാ ജീവിതത്തിനു തുടക്കം. ആദ്യ ചിത്രത്തിലൂടെ തന്നെ അവർ സൗഹൃദത്തിലായി. ആറു വർഷത്തിനിടെ പ്രിയദർശന്റെ 22 ചിത്രങ്ങളിൽ ലിസി അഭിനയിച്ചു. പത്ത് വയസ്സിന്റെ പ്രായ വ്യത്യാസമുള്ള ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയമായി മാറി. ഈ ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ ലിസി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതും അക്കാലത്ത് വാർത്തയായിരുന്നു.

ഇരുവരുടെയും വീട്ടുകാർ ഈ പ്രണയത്തിന് എതിരായിരുന്നു. ലിസിയെ പിന്തിരിപ്പിക്കാനും പിടിച്ചുകൊണ്ടുപോകാനും അവളുടെ അമ്മ ഏലിയാമ്മ ഗുണ്ടകളെ അയച്ചതായി സംവിധായകൻ ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. “അവർ സംഘർഷഭരിതമായ ഒരു അന്തരീക്ഷം അവിടെ സൃഷ്ടിച്ചു. ലിസി ഭയന്ന് വിറച്ചു. അപ്പോൾ കൊച്ചിൻ ഹനീഫ ഒരു ഗുണ്ടയെപ്പോലെയായി. കലിപൂണ്ട ഹനീഫ അലറി. അവളെ തൊട്ടാൽ എല്ലാവരെയും കീച്ചിക്കളയും, മര്യാദയ്ക്ക് ഇവിടെ നിന്നും പൊക്കിക്കോണം എന്ന് പറഞ്ഞു. വിരട്ടാൻ വന്നവർ തിരിച്ചുപോയി,” ആലപ്പി അഷ്‌റഫ് ഓർക്കുന്നു.

“അവിടെ അതേ രക്ഷയുള്ളൂ, അല്ലെങ്കിൽ അവർ പെണ്ണിനെയും കൊണ്ട് പോയേനെ” എന്നാണ് ഹനീഫ തന്നോട് പറഞ്ഞതെന്നും അഷ്‌റഫ് ഓർക്കുന്നു. ഹനീഫിക്ക ഇല്ലായിരുന്നെങ്കിൽ തന്റെ കാര്യം പോക്കായേനെ എന്ന് ലിസി തന്നോട് പറഞ്ഞിട്ടുണ്ടെന്നും, സുകുമാരി ചേച്ചിയോടും ഹനീഫയോടും മാത്രമേ തനിക്ക് ജീവിതത്തിൽ കടപ്പാടുള്ളൂ എന്നും ലിസി പറഞ്ഞിട്ടുണ്ട്. 1990 ഡിസംബർ 13-ന് ഇരുവരും വിവാഹിതരായി. വിവാഹശേഷം ലിസി ഹിന്ദുമതം സ്വീകരിച്ച് ലക്ഷ്മി പ്രിയദർശൻ എന്ന് പേര് സ്വീകരിച്ചു.

ലിസിയുമായുള്ള പ്രശ്‌നങ്ങൾ കാരണം തനിക്ക് ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അക്കാലത്ത് പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോടതി മുറിയിൽ താൻ പൊട്ടിക്കരഞ്ഞതായും പ്രിയദർശൻ പറഞ്ഞിട്ടുണ്ട്. മോഹൻലാൽ അടക്കമുള്ള അടുത്ത സുഹൃത്തുക്കൾ ഇടപെട്ടിട്ടുപോലും ഈ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ല.

“എന്നെക്കുറിച്ച് മോശമായി ലിസിയോട് ഒന്നും പറയാനിടയില്ല. ഞങ്ങൾ തമ്മിലുള്ള ചില നിസ്സാരമായ ഈഗോ പ്രശ്നങ്ങളാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത്. ലിസിയാണ് എന്റെ ജീവിതത്തിലെ വിജയങ്ങൾക്ക് കാരണം എന്ന് മുമ്പ് അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ മനസ്സിൽ എന്താണെന്ന് അവരുടെ ഉള്ളിൽ കയറി അറിയാനാകില്ലല്ലോ. ഞാൻ ലിസിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്. ഇപ്പോഴും ലിസിയെ പ്രണയിക്കുന്നുണ്ട്,” പ്രിയദർശൻ പറഞ്ഞു. എന്നാൽ ഇനി ഒരു മടങ്ങി വരവില്ലെന്നാണ് ലിസി പ്രതികരിച്ചത്.

മാധ്യമങ്ങൾക്ക് മുന്നിൽ തങ്ങൾ ഇപ്പോഴും സൗഹൃദത്തിലാണെന്ന് പ്രിയദർശൻ സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ലിസി അതൊക്കെ തള്ളിക്കളഞ്ഞു. വിവാഹമോചനത്തിനുശേഷം പ്രിയദർശന്റെ മദ്രാസിലെ റെക്കോർഡിങ് സ്റ്റുഡിയോ അടക്കമുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ലിസിക്ക് ലഭിച്ചു. എന്നാൽ ലിസി 80 കോടി ആവശ്യപ്പെട്ടു എന്ന വാർത്ത പ്രിയദർശൻ നിഷേധിച്ചിരുന്നു. “ഓരോരുത്തർ അവരുടെ ഭാവനയ്ക്കനുസരിച്ച് എഴുതുന്നതാണ്. എന്റെ ഭാര്യയും മക്കളും ഇപ്പോഴും എന്റെ വീട്ടിലാണ് താമസം,” എന്നും അദ്ദേഹം പറയുകയുണ്ടായി. വിവാഹമോചിതരായ ലിസിയും പ്രിയദർശനും മക്കളുടെ കാര്യങ്ങൾക്കായി ഒരുമിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ആ തീരുമാനം ഇരുവരും പാലിച്ചു. മകൻ സിദ്ധാർത്ഥിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചു. പ്രിയദർശനും ലിസിക്കും കല്യാണി പ്രിയദർശനും പുറമെ പത്തുപേർ മാത്രം അടങ്ങുന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അമേരിക്കക്കാരിയും വിഷ്വൽ എഫക്ട്സ് പ്രൊഡ്യൂസറുമായ മെർലിനാണ് സിദ്ധാർത്ഥിന്റെ ഭാര്യ.

മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് കല്യാണി പിന്നീട് ഇങ്ങനെ എഴുതി, “ഞങ്ങളെ ഒരു നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു. വൈകാരികമായ നിരവധി പ്രശ്‌നങ്ങളിലൂടെ അവർ കടന്നുപോയിട്ടും അത് വീടിനെ ബാധിക്കില്ലെന്ന് അവർ ഉറപ്പുവരുത്തി. തീർച്ചയായും അവരുടെ വേർപിരിയൽ ഒരു ഷോക്കായിരുന്നു, എന്നാൽ ഇന്ന് ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്. ഞങ്ങൾ സമാധാനത്തിലാണ്, മാതാപിതാക്കളുമായുള്ള എന്റെ ബന്ധം ഇപ്പോൾ കൂടുതൽ ശക്തമാണ്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം,” ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ കല്യാണി തുറന്നുപറഞ്ഞു.

ഇന്നും കല്യാണി ഇരുവർക്കുമിടയിലെ പാലമായി പ്രവർത്തിക്കുന്നു. “എനിക്ക് അച്ഛന്റെ 90 ശതമാനം തമാശയും അമ്മയുടെ 10 ശതമാനം ഭംഗിയുമാണ് കിട്ടിയിട്ടുള്ളത്” എന്നാണ് കല്യാണി പറയുന്നത്.

32-കാരിയായ കല്യാണിയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മകളുടെ വിവാഹം തന്റെ സ്വപ്നമാണെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. അതിനിടെ കല്യാണി സീരിയൽ നടനായ ശ്രീറാമിനെ വിവാഹം കഴിക്കുന്ന ഒരു വീഡിയോയും പ്രചരിച്ചിരുന്നു. എന്നാൽ അത് യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ ഒരു പരസ്യചിത്രമായിരുന്നു.

കല്യാണിയും പ്രണവ് മോഹൻലാലും തമ്മിൽ പ്രണയത്തിലാണെന്നും അവർ വിവാഹിതരാകുമെന്നും പലതവണ ഗോസിപ്പുകൾ വന്നിട്ടുണ്ട്. മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം മലയാളികൾക്ക് പറഞ്ഞറിയിക്കേണ്ടതില്ല. അതേപോലെതന്നെ അടുത്ത സൗഹൃദം പ്രണവിനും കല്യാണിക്കുമുണ്ട്. ഇരുവരെയും കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ‘ഹൃദയം’ വലിയ ഹിറ്റായിരുന്നു. അതോടെയാണ് പ്രണയ കഥ വീണ്ടും ഉയർന്നുവന്നത്. എന്നാൽ കല്യാണി അത് നിഷേധിച്ചു. പ്രണവ് തന്റെ ബാല്യകാലം മുതലുള്ള അടുത്ത സുഹൃത്താണെന്ന് അവൾ പറയുന്നു. തങ്ങൾ തമ്മിലുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഒരിക്കൽ കല്യാണി പ്രണവിന് ജന്മദിനാശംസകൾ നേർന്നത്. ‘എന്റെ എക്കാലത്തെയും സുഹൃത്തിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു കല്യാണി പ്രിയദർശൻ പങ്കുവെച്ച ആശംസ. ചിത്രത്തിൽ മൊട്ടയടിച്ച രൂപത്തിലായിരുന്നു കല്യാണി. വിവാഹം ഉടൻ ഇല്ലെന്നും കരിയറിനാണ് പ്രാധാന്യം നൽകുന്നതെന്നും കല്യാണി വ്യക്തമാക്കി.

മലയാളത്തിൽ വലിയ സിനിമകളും പാൻ ഇന്ത്യൻ ഹിറ്റുകളും ഒരുങ്ങുമ്പോഴും സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മാസ്’ സിനിമ എന്തുകൊണ്ട് സാധ്യമാകുന്നില്ലെന്ന ചോദ്യം വ്യാപകമായി ഉയർന്നു വന്നിരുന്നു. എന്നാൽ സ്ത്രീകൾ പ്രധാന വേഷത്തിലെത്തുന്ന സിനിമകളുടെ സാമ്പത്തിക വിജയത്തിന് പരിമിതികളുണ്ടെന്നായിരുന്നു ചിലരുടെ വാദം. അതെല്ലാം ‘ലോക’യുടെ മഹാ വിജയത്തോടെ പൊളിഞ്ഞിരിക്കുകയാണ്.

‘lokah’ makes history: Into the 100 crore club on the seventh day, a rare record, a lady superstar is born!

Share Email
Top