മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും സാമ്പത്തിക തട്ടിപ്പ് കേസിൽ കുരുങ്ങി. വ്യവസായി ദീപക് കോത്താരിയിൽ നിന്ന് 60 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്നാരോപിച്ച് മുംബൈ പൊലീസ് ഇരുവർക്കുമെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബിസിനസ് വികസനത്തിനായാണ് പണം വാങ്ങിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഇപ്പോൾ പ്രവർത്തനരഹിതമായ ഈ കമ്പനിയുമായി ബന്ധപ്പെട്ട് ഇരുവരും വ്യക്തിപരമായ ആവശ്യങ്ങൾക്ക് പണം ഉപയോഗിച്ചുവെന്നാണ് കോത്താരിയുടെ ആരോപണം. സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇവരുടെ യാത്രാ രേഖകൾ പരിശോധിക്കുന്നതിനൊപ്പം കമ്പനിയുടെ ഓഡിറ്ററെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.2015 മുതൽ 2023 വരെയുള്ള കാലയളവിൽ 12% വാർഷിക പലിശയോടെ പണം തിരികെ നൽകാമെന്ന ഉറപ്പിന്മേൽ കോത്താരി 60 കോടി രൂപ നൽകിയതായി പരാതിയിൽ പറയുന്നു. എന്നാൽ, പണം തിരികെ ലഭിച്ചില്ലെന്നും കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് നിലനിൽക്കുന്നതായി പിന്നീട് അറിഞ്ഞുവെന്നും കോത്താരി ആരോപിക്കുന്നു. ഈ വിവരം നേരത്തെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
60 കോടിയുടെ സാമ്പത്തിക തട്ടിപ്പ്, ശിൽപ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്കൗട്ട് പുറത്തിറക്കി
September 5, 2025 5:20 pm
