ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള യുഎഇ ടീമിനെ പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശിയായ മലയാളി താരം അലിഷാൻ ഷറഫു ടീമിൽ ഇടം നേടി. 22 വയസ്സുള്ള ഈ ഓൾറൗണ്ടർ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനാണ്. മുൻപ് യുഎഇ അണ്ടർ-19 ടീമിന്റെ ക്യാപ്റ്റനായിരുന്ന അലിഷാൻ, 17 അംഗ യുഎഇ ടീമിൽ ഉൾപ്പെട്ട ഏഴ് ഇന്ത്യൻ താരങ്ങളിൽ ഒരാളാണ്.
സെപ്റ്റംബർ 10ന് ഇന്ത്യക്കെതിരെയാണ് യുഎഇയുടെ ആദ്യ മത്സരം. ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടാൽ, ഏഷ്യാകപ്പ് കളത്തിൽ രണ്ട് തിരുവനന്തപുരം സ്വദേശികൾ മാറ്റുരയ്ക്കുന്ന കാഴ്ചയാകും പ്രേക്ഷകർക്ക് ലഭിക്കുക.
യുഎഇ ടീമിനെ പാകിസ്ഥാൻ സ്വദേശിയായ മുഹമ്മദ് വസീഫ് നയിക്കും. രാഹുൽ ചോപ്ര, ഹർഷിദ് കൗശിക്, സിമ്രാൻജിത് സിങ്, ധ്രുവ് പരാഷർ, ആര്യൻഷ് ശർമ, ഏദാൻ ഡിസൂസ എന്നിവരാണ് ടീമിലെ മറ്റ് ഇന്ത്യൻ താരങ്ങൾ. മുൻ ഇന്ത്യൻ ക്രിക്കറ്റർ ലാൽചന്ദ് രജ്പുതാണ് യുഎഇ ടീമിന്റെ മുഖ്യ പരിശീലകൻ.
2020 മുതൽ യുഎഇ അണ്ടർ-19 ടീമിന്റെ ഭാഗമായ അലിഷാൻ, 2022ൽ അവരുടെ ക്യാപ്റ്റനായി. അയർലന്റിനെതിരെ ഏകദിന മത്സരങ്ങളും ഇറാനെതിരെ ടി20 മത്സരങ്ങളും കളിച്ച് പരിചയം നേടിയിട്ടുണ്ട്. മലയാളി സമൂഹത്തിന് അഭിമാനമായ അലിഷാന്റെ ഏഷ്യാകപ്പ് യാത്രയ്ക്ക് ആശംസകൾ നേർന്ന് ക്രിക്കറ്റ് പ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്.