കൊല്ലം: കൊല്ലം പുനലൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പുനലൂർ കലയനാട് ചരുവിള വീട്ടിൽ ശാലിനി (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം പ്രതി ഐസക് (50) കൊലപാതകവിവരം ഫേസ്ബുക്കിൽ പങ്കുവെച്ച ശേഷം പുനലൂർ പോലീസിൽ കീഴടങ്ങി.
പ്രഭാതത്തിൽ ജോലിക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് ശാലിനിക്ക് വെട്ടേറ്റത്. ഇരുവരുടെയും രണ്ട് മക്കളിൽ ഒരാൾ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പോലീസ് അറിയിച്ചു. ഭർത്താവിൻ്റെ ഉപദ്രവം കാരണം ശാലിനി സ്വന്തം അമ്മയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
സംഭവത്തിന് തൊട്ടുമുമ്പ് പ്രതി ഐസക് ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. “എൻ്റെ ഭാര്യയെ ഞാൻ കൊന്നു. അതിൻ്റെ കാരണം, അവൾ വീട്ടിലെ സ്വർണം എടുത്ത് പണയം വെച്ചതും എൻ്റെ വാക്കുകൾ ധിക്കരിച്ചതുമാണ്. എനിക്ക് രണ്ട് മക്കളുണ്ട്, അതിലൊരാൾ കാൻസർ രോഗിയാണ്. എന്നാൽ അവൾ ആഡംബര ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് അമ്മയോടൊപ്പം താമസിക്കുന്നത്. ജോലിക്ക് പലയിടത്തായി മാറിക്കൊണ്ടിരിക്കുന്നു, അതിൻ്റെ ആവശ്യം അവൾക്കില്ല,” വീഡിയോയിൽ ഐസക് പറയുന്നു.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. തുടർനടപടികൾ പുരോഗമിക്കുന്നു.