വാഷിങ്ടൺ: ഇൻഡോ-പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ നേരിടാൻ ഇന്ത്യയുടെ പിന്തുണയില്ലാതെ യുഎസിന് കഴിയില്ലെന്ന് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ മുതിർന്ന ഉപദേഷ്ടാവായിരുന്ന മേരി കിസ്സൽ. ചൈനീസ് ഭീഷണികളെ നേരിടാൻ ശക്തമായ ഇന്ത്യ-യുഎസ് പങ്കാളിത്തം ആവശ്യമാണെന്നും അവർ പറഞ്ഞു.
‘ചൈനയെ, അമേരിക്ക വലിയ ഭീഷണിയായി കാണുന്നുവെങ്കിൽ, നമുക്ക് ഇന്ത്യയെ ആവശ്യമാണ്. അതൊരു യാഥാർത്ഥ്യമാണ്. ഏഷ്യ-പസഫിക്കിൽ ചൈനയുമായി ഒറ്റയ്ക്ക് പോരാടാൻ അമേരിക്കയ്ക്ക് കഴിയില്ല’. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ കിസ്സൽ പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച ട്രംപ് ഭരണകൂടത്തിന് വെല്ലുവിളി ഉയർത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25% തീരുവയും റഷ്യൻ എണ്ണ വാങ്ങിയതിന് അധികമായി 25% ശിക്ഷാതീരുവയും ഉൾപ്പെടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയതോടെയാണ് ഇന്ത്യ-യുഎസ് ബന്ധത്തിൽ വിള്ളലുകൾ വീണത്. ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കിടയിലും ഇന്ത്യ റഷ്യയുമായുള്ള ബന്ധം തുടർന്നു. ഈ മാസം ആദ്യം, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യ സന്ദർശിക്കുകയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഈ വർഷം അവസാനം പുതിൻ ചർച്ചകൾക്കായി ഇന്ത്യയിൽ എത്തുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
Mary Kissel says strong India-US partnership needs to deal with Chinese threats













