ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ മകൾ ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ലോകശ്രദ്ധ നേടി. ചൈനയിൽ നടന്ന സൈനിക പരേഡിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കിം തന്റെ മകളെ കൂടെ കൂട്ടിയത്. പ്യോങ്‌യാങ്ങിൽ നിന്ന് ബീജിംഗിലേക്ക് കവചിത ട്രെയിനിൽ എത്തിയ കിമ്മിന്റെ മകളുടെ സാന്നിധ്യം, അവർ ഉത്തര കൊറിയയുടെ അടുത്ത പരമോന്നത നേതാവാകുമെന്ന ഊഹാപോഹങ്ങൾക്ക് ശക്തി പകർന്നു. ദക്ഷിണ കൊറിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതനുസരിച്ച്, മുൻ അമേരിക്കൻ ബാസ്കറ്റ്ബോൾ താരം ഡെന്നിസ് റോഡ്മാൻ 2013-ൽ കിമ്മിന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ചപ്പോൾ ‘ജു എ’ എന്ന് വിശേഷിപ്പിച്ച പെൺകുട്ടിയാണ് ഇവർ എന്നാണ് റിപ്പോർട്ടുകൾ.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനവും ജപ്പാന്റെ കീഴടങ്ങലിന്റെ സ്മരണയും ആഘോഷിക്കാൻ ചൈന നടത്തിയ വമ്പിച്ച സൈനിക പരേഡിൽ കിം ജോങ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും മുഖ്യാതിഥികളായിരുന്നു. ഉത്തരകൊറിയ ഒരിക്കലും കിമ്മിന്റെ മകളുടെ പേര് അല്ലെങ്കിൽ പ്രായം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സ്റ്റിംസൺ സെന്ററിലെ ഉത്തരകൊറിയ വിദഗ്ധനായ മൈക്കൽ മാഡൻ, ജു എ ഭാവി നേതാവാകാൻ സാധ്യതയുള്ള വ്യക്തിയാണെന്ന് അഭിപ്രായപ്പെട്ടു. കിമ്മിനൊപ്പം ഉത്തരകൊറിയയ്ക്ക് പുറത്തേക്കുള്ള ആദ്യ യാത്രയിലാണ് മകൾ പങ്കെടുത്തതെന്നും മാഡൻ ചൂണ്ടിക്കാട്ടി.