കൊച്ചി: ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ കമ്പ്യൂട്ടറുകളിൽ ഇനിമുതൽ ഒരു മുന്നറിയിപ്പ് കാണാം: വിൻഡോസ് 10-നുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നു. എന്താണ് ഈ സോഫ്റ്റ്‌വെയർ പിന്തുണ? തുടർന്ന് വിൻഡോസ് 10 കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഇവിടെ വിശദീകരിക്കുന്നു.
മൈക്രോസോഫ്റ്റ് നിലവിൽ പ്രഖ്യാപിച്ചതനുസരിച്ച്, 2025 ഒക്ടോബർ 14-നാണ് വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ ഔദ്യോഗികമായി അവസാനിപ്പിക്കുന്നത്. ഇതോടെ ഈ പതിപ്പിനുള്ള സാങ്കേതിക സഹായം, പുതിയ ഫീച്ചർ അപ്‌ഡേറ്റുകൾ, നിർണായക സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവ നിലയ്ക്കും. സുരക്ഷാ അപ്‌ഡേറ്റുകൾ അവസാനിക്കുന്നതോടെ, പുതിയ സൈബർ ഭീഷണികളെ പ്രതിരോധിക്കാനുള്ള കമ്പ്യൂട്ടറിന്റെ ശേഷി കുറയും. അതിനാൽ, കമ്പ്യൂട്ടറുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ ഉപഭോക്താക്കൾ പുതിയ വിൻഡോസ് പതിപ്പിലേക്ക് മാറണമെന്ന് മൈക്രോസോഫ്റ്റ് നിർദേശിക്കുന്നു.
പിന്തുണ അവസാനിച്ചാൽ എന്ത് ചെയ്യണം?
2025 ഒക്ടോബർ 14-ന് ശേഷവും വിൻഡോസ് 10 പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ഉപയോഗിക്കാൻ സാധിക്കുമെങ്കിലും, സുരക്ഷാപരമായ കാരണങ്ങൾ കണക്കിലെടുത്ത് മൈക്രോസോഫ്റ്റ് മൂന്ന് മാർഗ്ഗങ്ങളാണ് നിർദ്ദേശിക്കുന്നത്:
- വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യുക: നിങ്ങളുടെ പി.സി. വിൻഡോസ് 11-ന് ആവശ്യമായ ഹാർഡ്‌വെയർ ആവശ്യകതകൾ നിറവേറ്റുന്നുണ്ടെങ്കിൽ, സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാനുള്ള അറിയിപ്പ് ലഭിക്കും. ഇത് ലഭിച്ചില്ലെങ്കിൽ, ‘Settings > Update & Security > Windows Update > Check for update’ എന്ന ഓപ്ഷൻ വഴി അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാം.
- പുതിയ വിൻഡോസ് 11 പി.സി. വാങ്ങുക: നിങ്ങളുടെ പി.സി. വിൻഡോസ് 11-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ യോഗ്യമല്ലെങ്കിൽ, വിൻഡോസ് 11 മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ഒരു പുതിയ കമ്പ്യൂട്ടർ വാങ്ങുന്നത് പരിഗണിക്കാവുന്നതാണ്.
- എക്സ്റ്റെൻഡഡ് സെക്യൂരിറ്റി അപ്ഡേറ്റുകൾ (E.S.U.) ഉപയോഗിക്കുക: പുതിയൊരു കമ്പ്യൂട്ടറിലേക്ക് മാറാൻ കൂടുതൽ സമയം ആവശ്യമുള്ളവർക്ക് എക്സ്റ്റെൻഡഡ് സെക്യൂരിറ്റി അപ്ഡേറ്റ്സ് പ്രോഗ്രാമിൽ ചേരാം. ഇതിലൂടെ, പിന്തുണ അവസാനിക്കുന്ന തീയതിക്ക് ശേഷം ഒരു വർഷത്തേക്ക് വിൻഡോസ് 10 ഉപകരണത്തിന് സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കും.
തുടർച്ചയായ സുരക്ഷാ അപ്‌ഡേറ്റുകളില്ലാതെ വിൻഡോസ് 10 ഉപയോഗിക്കുന്നത്, കമ്പ്യൂട്ടറുകളിൽ വൈറസുകളും മാൽവെയറുകളും കടന്നുകയറുന്നത് എളുപ്പമാക്കുമെന്നും മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകുന്നു.
Microsoft is ending support for Windows 10 on October 14, 2025