വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശത്തെ തുടർന്ന് വാഷിങ്ടൺ ഡിസിയിൽ ഏർപ്പെടുത്തിയ സൈനിക വിന്യാസം നവംബർ 30വരെ നീട്ടി. ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രസിഡന്റിന്റെ തുടർച്ചയായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി നാഷണൽ ഗാർഡിന്റെ വിന്യാസം നവംബർ 30വരെ നീട്ടുമെന്ന് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ വ്യക്തമാക്കി. ഡിസിയിൽ ഏകദേശം 2,300 നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 30 ദിവസത്തെ വിന്യാസം സെപ്റ്റംബർ 10ന് അവസാനിക്കേണ്ടതായിരുന്നു.
വാഷിങ്ടൺ ഡിസിയിലെ താമസക്കാർക്കും സന്ദർശകർക്കും ദീർഘകാല സുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധനാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സൈനിക വിന്യാസം നവംബർ 30വരെ നീട്ടിയതിൽ തങ്ങൾക്ക് ഒന്നും പറയാനില്ലെന്ന് ഡിസി മേയർ ബൗസർ ബുധനാഴ്ച പറഞ്ഞു. ഞങ്ങൾക്ക് ഒരു പ്രസിഡൻഷ്യൽ അടിയന്തരാവസ്ഥ ആവശ്യമില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ഭവന അലവൻസുകൾ, ആരോഗ്യ സംരക്ഷണം തുടങ്ങിയ സൈനിക ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് നാഷണൽ ഗാർഡ് വിന്യാസം വിപുലീകരിക്കുന്നതെന്ന് ഈ ആഴ്ച വാർത്താ ഏജൻസിയായ സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. നാഷണൽ ഗാർഡ് സൈനികർക്ക് 30 ദിവസത്തിൽ കൂടുതൽ വിന്യാസങ്ങൾക്ക് മാത്രമേ അലവൻസ് ലഭിക്കൂ.
Military deployment in Washington, DC extended until November 30