ഡൽഹി : ഡൽഹിയുടെ മുൻ ക്യാപ്റ്റനും ഐ.പി.എല്ലിൽ മൂന്ന് ഫ്രാഞ്ചൈസികൾക്കായി കളിക്കുകയും ചെയ്തിട്ടുള്ള മിഥുൻ മൻഹാസിനെ ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു. റോജർ ബിന്നി പടിയിറങ്ങിയതിനെ തുടർന്ന് ഇടക്കാല ബി.സി.സി.ഐ. പ്രസിഡന്റായിരുന്ന രാജീവ് ശുക്ല വൈസ് പ്രസിഡന്റായി തുടരും. 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച മിഥുൻ മൻഹാസാണ് 37-ാമത് ബി.സി.സി.ഐ. പ്രസിഡന്റ്. അപ്രതീക്ഷിത നിയമനത്തിൽ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പുതിയ രണ്ട് സെലക്ടർമാരെ കൂടി ബി.സി.സി.ഐ. പ്രഖ്യാപിച്ചു. അജിത് അഗാർക്കർ പുരുഷ ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി തുടരും. ആർ.പി. സിംഗ്, പ്രഗ്യ ഓജ എന്നിവരാണ് ശിവ് സുന്ദർ ദാസ്, അജിത് അഗാർക്കർ, അജയ് രാത്ര എന്നിവരടങ്ങുന്ന സെലക്ഷൻ പാനലിൽ പുതുതായി ചേർന്നത്.
ആഘോഷിക്കാൻ പറ്റിയ സുപ്രധാന നിമിഷം എന്നാണ് ബി.സി.സി.ഐ പുതിയ പ്രസിഡന്റായി മിഥുൻ മൻഹാസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച സയൻസ് ആൻഡ് ടെക്നോളജി മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എക്സിൽ കുറിച്ചത്. മൻഹാസിൻ്റെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പോസ്റ്റ്.