ചന്ദ്രനിലും മണ്ണിടിച്ചിലുകൾ; പിന്നിൽ ചന്ദ്രകമ്പങ്ങളോ?

ചന്ദ്രനിലും മണ്ണിടിച്ചിലുകൾ; പിന്നിൽ ചന്ദ്രകമ്പങ്ങളോ?

ചന്ദ്രനിലും മണ്ണിടിച്ചിലുകൾ സംഭവിക്കുന്നുണ്ടെന്നും ഇവയ്ക്ക് കാരണം ചന്ദ്രകമ്പങ്ങൾ (moonquakes) ആണെന്നും ചൈനീസ് ഗവേഷകർ. 2035-ഓടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ചൈന ലക്ഷ്യമിടുന്നതിനിടെയാണ് ഈ കണ്ടെത്തൽ. ഈ പഠനം ഭാവിയിൽ ചന്ദ്രനിൽ താവളങ്ങൾ നിർമിക്കുന്നതിന് കൂടുതൽ സുസ്ഥിരവും സുരക്ഷിതവുമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. സൺ യാറ്റ്-സെൻ സർവകലാശാല, ഫുഷൗ സർവകലാശാല, ഷാങ്ഹായ് നോർമൽ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ നാഷണൽ സയൻസ് റിവ്യൂവിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2009 മുതൽ ചന്ദ്രനിലെ 74 അസ്ഥിര പ്രദേശങ്ങളിൽ നിന്നുള്ള 562 ചിത്രങ്ങൾ താരതമ്യം ചെയ്താണ് 41 മണ്ണിടിച്ചിലുകൾ സംഭവിച്ചതായി ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇവയിൽ 30 ശതമാനം മണ്ണിടിച്ചിലുകൾ ഉൽക്കാപതനങ്ങൾ മൂലമുണ്ടായവയാണെങ്കിലും, ബാക്കിയുള്ളവ ചന്ദ്രകമ്പങ്ങൾ മൂലമാണ് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അപ്പോളോ ദൗത്യങ്ങളിൽ ചന്ദ്രകമ്പങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിലും, ചന്ദ്രന്റെ ആന്തരിക പ്രവർത്തനങ്ങൾ നിലച്ചുവെന്ന ധാരണ മൂലം ഇത്തരം പഠനങ്ങൾ ഏറെക്കുറെ അവഗണിക്കപ്പെട്ടിരുന്നു.

ഭൂകമ്പങ്ങൾ പത്ത് സെക്കൻഡ് മുതൽ മിനിറ്റുകൾ വരെ നീണ്ടുനിൽക്കുമ്പോൾ, ചന്ദ്രകമ്പങ്ങൾ മണിക്കൂറുകളോളം നീണ്ടുനിൽക്കാം. ഇത് ചന്ദ്രോപരിതലത്തിലെ നിർമിതികൾക്ക് കേടുപാടുകൾ വരുത്താനോ, വിക്ഷേപണ വാഹനങ്ങളെ അസ്ഥിരപ്പെടുത്താനോ, പോലും സാധ്യതയുണ്ട്. ഇത്തരം മണ്ണിടിച്ചിലുകൾ ബഹിരാകാശ യാത്രികർക്ക് ജീവന് ഭീഷണി ഉയർത്തിയേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. എന്നിരുന്നാലും, ഈ മണ്ണിടിച്ചിലുകൾ താരതമ്യേന ശക്തി കുറഞ്ഞവയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ജാഗ്രത വേണമെന്നും, ഭൂമിയിൽ നിന്നുള്ള വിലയിരുത്തലുകൾ ചന്ദ്രനിൽ പൂർണമായും ബാധകമാകണമെന്നില്ലെന്നും ഗവേഷകർ പറയുന്നു. കുത്തനെയുള്ള ചരിവുകൾക്ക് സമീപമുള്ള പ്രവർത്തനങ്ങൾക്ക് ഇത്തരം മണ്ണിടിച്ചിലുകൾ കൂടുതൽ ഭീഷണി ഉയർത്തിയേക്കാം. കഴിഞ്ഞ ഏതാനും ദശലക്ഷം വർഷങ്ങളായി ചന്ദ്രൻ നിശബ്ദമായി മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ടെന്നും അതിന്റെ വലുപ്പം ഗണ്യമായി കുറയുന്നുണ്ടെന്നും കഴിഞ്ഞ വർഷം നാസയുടെ ഒരു പഠനം വെളിപ്പെടുത്തിയിരുന്നു.

Share Email
LATEST
Top