വാഷിങ്ടൺ : റഷ്യൻ സമ്പദ്‌വ്യവസ്ഥ തകർന്നേക്കാമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ യുഎസും യൂറോപ്യൻ യൂണിയനും കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ റഷ്യൻ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും തകരുമെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങിനെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ അമേരിക്ക ചർച്ചയ്ക്ക് കൊണ്ടുവരുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് പറഞ്ഞു
എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബെസ്സെന്റ് ഇക്കാര്യങ്ങൾ പറഞ്ഞത്. റഷ്യക്കുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി ചർച്ച നടത്തിയെന്നും, അവർ പിന്നീട് തന്നെ വിളിച്ച് വിഷയങ്ങൾ ചർച്ച ചെയ്തെന്നും ബെസ്സെന്റ് കൂട്ടിച്ചേർത്തു.
റഷ്യക്കെതിരെ ഉപരോധങ്ങളുടെ രണ്ടാം ഘട്ടത്തിന് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ട്രഷറി സെക്രട്ടറിയുടെ പ്രസ്താവന.
യുക്രെയ്ൻ സൈന്യത്തിന് എത്രത്തോളം പിടിച്ചുനിൽക്കാനാകും, റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് എത്രത്തോളം പിടിച്ചുനിൽക്കാനാകും എന്നതിനിടയിലുള്ള ഒരു മത്സരത്തിലാണ് നമ്മളെന്ന് ബെസ്സെന്റ് എൻബിസി ന്യൂസിനോട് പറഞ്ഞു. റഷ്യയക്കെതിരെ സമ്മർദ്ദം വർദ്ധിപ്പിക്കാൻ യുഎസ് തയ്യാറാണെന്നും, യൂറോപ്യൻ പങ്കാളികൾ തങ്ങളെ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.