ലണ്ടൻ: ബ്രിട്ടീഷ് തീവ്ര വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസൺ സംഘടിപ്പിച്ച കുടിയേറ്റ വിരുദ്ധ റാലിയിൽ ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. കുടിയേറ്റക്കാരെ എതിർത്തുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നു. റാലിക്ക് എതിരെ അഭയാർത്ഥി അവകാശങ്ങൾക്കായി മറ്റൊരു റാലിയും ലണ്ടനിൽ നടന്നു.
പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. ഒമ്പത് പേർ അറസ്റ്റിലായി. നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്ന് മെട്രോപൊളിറ്റൻ പോലീസ് റിപ്പോർട്ട് ചെയ്തു. “യൂണൈറ്റ് ദി കിങ്ഡം” എന്ന് പേരിട്ട റാലിയിൽ പങ്കെടുത്തവർ “ഞങ്ങൾക്ക് ഞങ്ങളുടെ രാജ്യം തിരികെ വേണം” എന്ന് മുദ്രാവാക്യം വിളിക്കുകയും കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ ബോർഡുകൾ ഉയർത്തുകയും ചെയ്തു.
റാലിയിൽ ടെസ്‌ല സിഇഒയും എക്‌സ് പ്ലാറ്റ്‌ഫോം ഉടമയുമായ ഇലോൺ മസ്‌ക് വെർച്വലായി ജനങ്ങളെ അഭിസംബോധന ചെയ്തു. “നിയന്ത്രിക്കാനാവാത്ത കുടിയേറ്റം കാരണം ബ്രിട്ടൻ നശിക്കുന്നത് താൻ കാണുന്നു” എന്ന് അദ്ദേഹം പറഞ്ഞു.
റാലിയിൽ കൊല്ലപ്പെട്ട അമേരിക്കൻ തീവ്ര വലതുപക്ഷ പ്രവർത്തകൻ ചാർളി കിർക്കിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ഇംഗ്ലീഷ് ചാനലിലൂടെ അനുമതിയില്ലാതെ കടന്നുവരുന്ന കുടിയേറ്റക്കാരെക്കുറിച്ചുള്ള ചർച്ചകൾ യുകെയിൽ സജീവമായി നടക്കുന്നതിനിടെയാണ് ഈ റാലികൾ നടന്നത്.