ഹമാസ് നേതാക്കളെ ഖത്തറിൽവെച്ച് വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിന് മൊസാദ് എതിരായിരുന്നെന്ന്

ഹമാസ് നേതാക്കളെ ഖത്തറിൽവെച്ച് വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിന് മൊസാദ് എതിരായിരുന്നെന്ന്

വാഷിങ്ടൺ: ഖത്തറിൽവെച്ച് ഹമാസ് നേതാക്കളെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിന് രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് എതിരായിരുന്നെന്ന് റിപ്പോർട്ട്. ഖത്തറിൽ ആക്രമണം നടത്താൻ ഏജൻസി വിസമ്മതിച്ചതായി ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

ഹമാസ് നേതാക്കളെ ഖത്തറിൽവെച്ച് വധിക്കുന്നതിനെ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് എതിർത്തിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വിഷയത്തെക്കുറിച്ച് കൃത്യമായ അറിവുള്ളതും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തതുമായ രണ്ട് ഇസ്രയേലികളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ‘വാഷിങ്ടൺ പോസ്റ്റുമായി’ പങ്കുവെച്ചത്. ദോഹയിൽ ഒത്തുകൂടിയ ഹമാസ് നേതാക്കളെ വധിക്കാൻ ഏജന്റുമാരെ അയക്കാനായിരുന്നു ഇസ്രയേലിന്റെ തീരുമാനം.

കഴിഞ്ഞ ആഴ്ചകളിൽ തയ്യാറാക്കിയ ഈ പദ്ധതി പക്ഷേ, മൊസാദ് നിരസിക്കുകയായിരുന്നുവെന്ന് രഹസ്യവിവരം നൽകിയവർ പറയുന്നു. താനും തന്റെ ഏജൻസിയും ഖത്തറുമായി വളർത്തിയെടുത്ത ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന ആശങ്കയെ തുടർന്നാണ് മൊസാദ് ഡയറക്ടർ ഡേവിഡ് ബാർനിയ ഇങ്ങനെയൊരു നീക്കത്തെ എതിർത്തത്. അദ്ദേഹത്തെ കൂടാതെ, ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി എന്നിവരും പദ്ധതിയെ എതിർത്തിരുന്നുവെന്നാണ് വിവരം.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ട ആക്രമണത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സും മന്ത്രി റോൺ ഡെർമറും പിന്തുണച്ചിരുന്നു.

പ്രതിരോധ രംഗത്തുള്ള ഭൂരിഭാഗം പേരും ആക്രമണം മാറ്റിവയ്ക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ആക്രമണത്തിൽനിന്ന് മൊസാദ് വിട്ടുനിന്നതോടെയാണ് ഇസ്രയേൽ മറ്റൊരു മാർഗം സ്വീകരിച്ചത്. ചൊവ്വാഴ്ച ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് 15 യുദ്ധവിമാനങ്ങളിൽനിന്ന് 10 മിസൈലുകളാണ് വിക്ഷേപിച്ചത്. ഷിൻ ബെറ്റ് സുരക്ഷാ സേനയുമായി ചേർന്നാണ് വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ, ആക്രമണം പ്രധാനമായും ലക്ഷ്യമിട്ട ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള ഹമാസിന്റെ മുതിർന്ന നേതാക്കന്മാരെ വധിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടു.

ആക്രമണത്തിൽ അൽ ഹയ്യയുടെ മകനും അംഗരക്ഷകരും ഒരു ഖത്തർ സുരക്ഷാസേനാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.

Mossad was against Israel’s move to assassinate Hamas leaders in Qatar, says report

Share Email
Top