ആലപ്പുഴ: കായംകുളം കണ്ടല്ലൂർ പുതിയവിളയിൽ നാലര വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന പരാതിയിൽ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിനാണ് കുട്ടിയെ പൊള്ളിച്ചതെന്നാണ് പരാതി. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്. കുട്ടി നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിൻ്റെ പേരിൽ അമ്മ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചുവെന്ന് കുട്ടിയുടെ അമ്മായിയമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് കായംകുളത്തെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ പിൻഭാഗത്തും തുടയിലുമടക്കം പൊള്ളലേറ്റ പാടുകളുണ്ട്.
ചപ്പാത്തി ഉണ്ടാക്കുന്ന കല്ലിൽ (ചപ്പാത്തി കല്ല്) ഇരുന്നാണ് കുഞ്ഞിന് പൊള്ളലേറ്റതെന്നാണ് അമ്മ ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ, തന്നെ അമ്മ ഉപദ്രവിച്ചുവെന്ന് തന്നെയാണ് കുട്ടിയും മൊഴി നൽകിയത്. കുട്ടിയുടെ അച്ഛൻ സൈന്യത്തിൽ ജോലി ചെയ്യുകയാണ്. അമ്മയും അമ്മായിയമ്മയും തമ്മിൽ നിലനിന്നിരുന്ന പ്രശ്നങ്ങളും, കുട്ടിക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്നതിലെ വ്യക്തതക്കുറവും കാരണം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
വിഷയത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഇടപെട്ടിട്ടുണ്ട്.
പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
 













