വിശുദ്ധിയുടെ പാതയിൽ മദർ ഏലീശ്വ: വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബർ എട്ടിന്

വിശുദ്ധിയുടെ പാതയിൽ മദർ ഏലീശ്വ: വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബർ എട്ടിന്

കൊച്ചി: കേരളസഭയിലെ ആദ്യ സന്യാസിനിയും, സ്ത്രീകൾക്കായുള്ള കർമ്മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ (ടി.ഒ.സി.ഡി) സ്ഥാപകയുമായ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നു. നവംബർ എട്ടിന് വല്ലാർപാടം ബസിലിക്കയിൽ നടക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം.

വൈകുന്നേരം 4.30ന് ശുശ്രൂഷകൾ ആരംഭിക്കുമെന്ന് കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്സ് (സി.ടി.സി) സുപ്പീരിയർ ജനറൽ സിസ്റ്റർ ഷഹില അറിയിച്ചു. മലേഷ്യയിലെ പെനാങ്ങ് രൂപത മെത്രാനും കർദിനാളുമായ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന സമൂഹ ദിവ്യബലിക്കിടെയാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം.

ഇന്ത്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ഡോ. ലെയോപോൾഡ് ജിറേല്ലി, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആഗോള കർമ്മലീത്ത സഭയുടെ ജനറാൾ ഫാ. മിഗുവേൽ മാർക്വേസ് കാലേ, റോമിലെ പോസ്റ്റുലേറ്റർ ജനറൽ ഫാ. മാർക്കോ ചീസ, ഇന്ത്യക്കകത്തും പുറത്തുമുള്ള മെത്രാന്മാർ, വൈദികർ എന്നിവർ സഹകാർമ്മികത്വം വഹിക്കും.

മദർ ഏലീശ്വയുടെ ജീവിതം: വിശുദ്ധിയുടെ പാത

വരാപ്പുഴ അതിരൂപതയിലെ ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളി ഇടവകയിലെ വൈപ്പിശേരി തറവാട്ടിൽ തൊമ്മൻ-താണ്ട ദമ്പതികളുടെ എട്ടുമക്കളിൽ മൂത്തവളായി 1831 ഒക്ടോബർ 15നാണ് ഏലീശ്വ ജനിച്ചത്. 20-ാം വയസ്സിൽ വിധവയായ ഏലീശ്വ പ്രാർത്ഥനയ്ക്കായി കളപ്പുര മുറിയിൽ ദീർഘകാലം ധ്യാനത്തിലും പരിത്യാഗത്തിലും ജീവിതം നയിച്ചു.

മദർ ഏലീശ്വയുടെ വിശുദ്ധിയുടെ സിദ്ധിയിൽ ആകൃഷ്ടരായ മകൾ അന്നയും സഹോദരി ത്രേസ്യയും സഭയുടെ സഹസ്ഥാപകരായിരുന്നു. 1866 ഫെബ്രുവരി 12ന് ആർച്ച്ബിഷപ്പ് ബെർണർദീൻ ബെച്ചിനെല്ലി സ്ത്രീകൾക്കായുള്ള കർമ്മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപന ഡിക്രി ഒപ്പുവെച്ചു. ഏലീശ്വ, അന്ന, ത്രേസ്യ എന്നിവരെ ടി.ഒ.സി.ഡി സഭയുടെ അടിസ്ഥാനശിലകളായി പ്രഖ്യാപിച്ചു.

1866 ഫെബ്രുവരി 13ന് കൂനമ്മാവിലാണ് ടി.ഒ.സി.ഡി സന്യാസിനി സഭ ഔദ്യോഗികമായി ആരംഭിച്ചത്. കേരളത്തിൽ ആദ്യമായി പെൺകുട്ടികൾക്കായി വിദ്യാലയങ്ങളും ബോർഡിംഗും അനാഥമന്ദിരവും സ്ഥാപിച്ചതിലൂടെ സ്ത്രീശാക്തീകരണത്തിനുള്ള മദർ ഏലീശ്വയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നു.

1890-ൽ ടി.ഒ.സി.ഡി സന്യാസിനി സഭ റീത്ത് അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട് സി.ടി.സി, സി.എം.സി എന്നീ രണ്ടു സന്യാസിനീ സമൂഹങ്ങളായി മാറി. നിലവിൽ സി.ടി.സി സമൂഹത്തിൽ 11 പ്രൊവിൻസുകളിലായി 1400-ൽ അധികം അംഗങ്ങൾ വിവിധ രാജ്യങ്ങളിൽ സേവനം ചെയ്യുന്നുണ്ട്.

1913 ജൂലൈ 18ന് അന്തരിച്ച മദർ ഏലീശ്വയെ 2008 മാർച്ച് ആറിന് ദൈവദാസിയായും 2023 നവംബർ എട്ടിന് ധന്യയായും പ്രഖ്യാപിച്ചു. വാഴ്ത്തപ്പെട്ട പദവി ലഭിക്കുന്നതോടെ മദർ ഏലീശ്വയെ പ്രാദേശികമായി വണങ്ങാനുള്ള അനുമതി സഭ നൽകും.

Mother Eliswa on the Path to Holiness to be announced on November 8th

Share Email
LATEST
Top