ട്രംപിന്റെ അത്താഴവിരുന്നിൽ മസ്‌കിന് ക്ഷണമില്ല; സുന്ദർ പിച്ചൈ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ വംശജർ അതിഥികൾ

ട്രംപിന്റെ അത്താഴവിരുന്നിൽ മസ്‌കിന് ക്ഷണമില്ല; സുന്ദർ പിച്ചൈ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ വംശജർ അതിഥികൾ

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രമുഖ ടെക് കമ്പനികളുടെ മേധാവികൾക്കായി വൈറ്റ് ഹൗസിൽ അത്താഴവിരുന്ന് ഒരുക്കി. വ്യാഴാഴ്ച നടക്കുന്ന ഈ വിരുന്നിലേക്ക് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ വംശജർക്ക് ക്ഷണമുണ്ട്. എന്നാൽ, ട്രംപിന്റെ അടുത്ത സുഹൃത്തായിരുന്ന ടെസ്‌ല മേധാവി ഇലോൺ മസ്‌കിന് വിരുന്നിലേക്ക് ക്ഷണിച്ചില്ലെന്നുള്ള റിപ്പോർട്ടുകൾ ശ്രദ്ധേയമാകുന്നു.

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ആപ്പിൾ സിഇഒ ടിം കുക്ക്, മെറ്റ സിഇഒ മാർക്ക് സക്കർബർഗ്, ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, ഒറാക്കിൾ സിഇഒ സാഫ്ര കാറ്റ്‌സ്, ബ്ലൂ ഒറിജിൻ സിഇഒ ഡേവിഡ് ലിംപ് എന്നിവരെല്ലാം അതിഥികളുടെ പട്ടികയിലുണ്ട്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, മൈക്രോൺ ടെക്‌നോളജീസ് സിഇഒ സഞ്ജയ് മെഹ്‌റോത്ര, ടിബ്കോ ചെയർമാൻ വിവേക് രണദിവെ, പാലന്തിർ സിടിഒ ശ്യാംശങ്കർ എന്നിവരാണ് ക്ഷണിക്കപ്പെട്ട ഇന്ത്യൻ വംശജർ.

വൈറ്റ് ഹൗസിലെ റോസ് ഗാർഡനിലാണ് ട്രംപ് ഈ വിരുന്ന് ഒരുക്കിയിരിക്കുന്നത്. അത്താഴവിരുന്നിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചോ മറ്റ് വിശദാംശങ്ങളോ വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മെലാനിയ ട്രംപ് അധ്യക്ഷത വഹിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംബന്ധിച്ച ഒരു യോഗത്തിന് ശേഷമായിരിക്കും അത്താഴവിരുന്ന് നടക്കുകയെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ എഐ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും എഐയുടെയും പുതിയ സാങ്കേതികവിദ്യകളുടെയും സാധ്യതകളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്.

ട്രംപിന്റെ അടുത്ത സുഹൃത്തായിരുന്ന ഇലോൺ മസ്‌കിന്റെ അസാന്നിധ്യമാണ് ഈ വിരുന്നിനെ കൂടുതൽ ചർച്ചാവിഷയമാക്കുന്നത്. ട്രംപ് അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന നയത്തെച്ചൊല്ലി ഇലോൺ മസ്‌കുമായി അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമുണ്ടായതിനാലാണ് ക്ഷണിക്കാത്തതെന്നാണ് റിപ്പോർട്ടുകൾ.

Musk not invited to Trump’s dinner; five Indian-origin guests including Sundar Pichai

Share Email
Top