പേലോഡുകള്‍ ഭ്രമണപഥത്തിലെത്തിക്കും: സ്റ്റാര്‍ഷിപ്പിൻ്റെ പുതിയ ലക്ഷ്യം പങ്കുവെച്ച് മസ്ക്

പേലോഡുകള്‍ ഭ്രമണപഥത്തിലെത്തിക്കും: സ്റ്റാര്‍ഷിപ്പിൻ്റെ പുതിയ ലക്ഷ്യം പങ്കുവെച്ച് മസ്ക്

സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പത്താം പരീക്ഷണ വിക്ഷേപണം വിജയകരമായതോടെ ആത്മവിശ്വാസത്തിലാണ് സ്‌പേസ് എക്‌സ്. 2026 ല്‍ പേലോഡുകള്‍ (ഉപഗ്രഹം പോലെ റോക്കറ്റില്‍ കൊണ്ടുപോവുന്ന വസ്തുക്കള്‍) ഭ്രമണപഥത്തിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. അടുത്ത വര്‍ഷം നടത്തുന്ന സ്റ്റാര്‍ഷിപ്പ് വിക്ഷേപണത്തില്‍ റോക്കറ്റിന്റെ മുകളിലുള്ള സൂപ്പര്‍ ഹെവി ബൂസ്റ്ററിന്റെ സമ്പൂര്‍ണ പുനരുപയോഗ ശേഷി വെളിവാക്കുമെന്ന് സ്‌പേസ് എക്‌സ് മേധാവി മസ്‌ക് ഓള്‍ ഇന്‍ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 26 നാണ് സ്റ്റാര്‍ഷിപ്പിന്റെ പത്താമത് പരീക്ഷണ വിക്ഷേപണ ദൗത്യം പൂര്‍ത്തിയായത്. സ്റ്റാര്‍ഷിപ്പിന്റെ റോക്കറ്റ് ബൂസ്റ്ററിനെ (റോക്കറ്റിന് താഴെയുള്ള ഭാഗം) പുനരുപയോഗിക്കാനാകും വിധം സുരക്ഷിതമായി ഇറക്കിയിരുന്നു. മുകളിലുള്ള സൂപ്പര്‍ഹെവി ബൂസ്റ്റര്‍ നിയന്ത്രിതമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിജയകരമായി ഇറക്കുകയും ചെയ്തു. എന്നാല്‍ ഇത് വീണ്ടെടുക്കുക പ്രയാസമാണ്. അടുത്ത തവണ ഇത് വീണ്ടെടുക്കാനാകും വിധം ലാന്‍ഡിങ് സോണുകളില്‍ ഇറക്കാനായിരിക്കും പദ്ധതി. ബഹിരാകാശ യാത്രികരെ തിരിച്ച് ഇറക്കണമെങ്കില്‍ സ്റ്റാര്‍ഷിപ്പ് ഈ ശേഷി കൈവരിക്കേണ്ടതുണ്ട്.

വലിയ വെല്ലുവിളികളൊന്നുമുണ്ടായില്ലെങ്കില്‍, അടുത്തവര്‍ഷം 100 ടണ്‍ ഭ്രമണപഥത്തിലെത്തിക്കുകയും സ്റ്റാർഷിപ്പിന്‍റെ റോക്കറ്റ് ബൂസ്റ്ററും സ്റ്റാർഷിപ്പും പിടിച്ചിറക്കുകയും ചെയ്ത് സ്റ്റാര്‍ഷിപ്പിന്റെ പൂര്‍ണമായ പുനരുപയോഗ ശേഷി സ്‌പേസ് എക്‌സ് പ്രദര്‍ശിപ്പിക്കും. മസ്‌ക് പറഞ്ഞു.

നിരവധി പരാജയങ്ങള്‍ക്കൊടുവിലാണ് സ്റ്റാര്‍ഷിപ്പിന്റെ ഒടുവിലത്തെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയത്. പേ ലോഡുകള്‍ ഭ്രമണപഥത്തില്‍ വിന്യസിക്കുന്നതും, നിയന്ത്രിതമായി സമുദ്രത്തില്‍ ഇറക്കുന്നതും വിജയകരമായി പൂര്‍ത്തിയാക്കി. സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റ് ബൂസ്റ്ററുകളുടെ ലാൻിഡിങ് രീതിയിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകം യന്ത്രക്കൈകൾ ഉപയോഗിച്ചാണ് സ്റ്റാർഷിപ്പിന്‍റെ റോക്കറ്റ് ബൂസ്റ്റർ സുരക്ഷിതമായി താഴെ ഇറങ്ങുന്നത്. പത്താം പരീക്ഷണദൗത്യത്തിൽ സെക്കൻഡ് സ്റ്റേജ് എന്ന് വിളിക്കുന്ന സ്റ്റാർഷിപ്പ് ഭാഗം കടലിൽ ഇടിച്ചിറക്കുകയായിരുന്നു. ഇതിന് പകരം ബൂസ്റ്ററിനെ പോലെ തന്നെ സ്റ്റാർഷിപ്പും പ്രത്യേക യന്ത്രക്കൈകളിൽ പിടിച്ചിറക്കാനായിരിക്കും സ്പേസ് എക്സിന്‍റെ പദ്ധതി.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കുന്നതിനുള്ള ദൗത്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് സ്റ്റാര്‍ഷിപ്പ് വികസിപ്പിക്കുന്നത്. ഇതിന് പുറമെ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് സാധാരണക്കാര്‍ക്ക് യാത്ര ചെയ്യുന്നതിന് വേണ്ടിയും സ്റ്റാര്‍ഷിപ്പ് ഉപയോഗിക്കാനും മസ്‌കിന് പദ്ധതിയുണ്ട്.

Musk shares Starship’s new goal of delivering payloads into orbit

Share Email
LATEST
Top