സതീശൻ നായർ
ചിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ചിക്കാഗോയുടെ ഓണാഘോഷം പാർക്ക് റിഡ്ജിലുള്ള സെന്റിനിയൽ ആക്ടിവിറ്റി സെന്ററിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.

സെറാഫിൻ ബിനോയിയുടെ ഈശ്വരപ്രാർഥനയോടെ ആരംഭിച്ച ആഘോഷത്തിൽ പ്രസിഡന്റ് വിജി നായർ സദസ്സിനെ സ്വാഗതം ചെയ്യുകയും ഓണാശംസകൾ നേരുകയും ചെയ്തു. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലിയെയും മുഖ്യാതിഥിയായി എത്തിയ മാണി സി. കാപ്പൻ എം.എൽ.എയെയും വേദിയിലേക്ക് ആനയിച്ചു. ഓംകാരം ചിക്കാഗോയുടെ വാദ്യകലാകാരന്മാർ അവതരിപ്പിച്ച ചെണ്ടമേളം ശ്രദ്ധേയമായി.

മാണി സി. കാപ്പൻ എം.എൽ.എ. ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റും മറ്റ് ഭാരവാഹികളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. മോൻസ് ജോസഫ് എം.എൽ.എ.യും ചടങ്ങിൽ പങ്കെടുത്ത് ഓണസന്ദേശം നൽകി. എം.എൽ.എ.മാരായ ഇരുവരെയും സതീശൻ നായർ സദസ്സിനു പരിചയപ്പെടുത്തി.

പ്രസന്ന അവതരിപ്പിച്ച ഗണപതി സ്തുതിയോടുകൂടിയ മോഹിനിയാട്ടം, ബിമൽ നായരുടെ ഗാനാലാപനം, മോഹിത് അവതരിപ്പിച്ച വയലിൻ ഫ്യൂഷൻ, സെറാഫിന്റെ നൃത്തം, തരംഗ് കൂട്ടായ്മയിലെ ഗായത്രി നായർ ചിട്ടപ്പെടുത്തിയ നൃത്തം, സെറാഫിൻ ബിനോയിയുടെ ഓണപ്പാട്ട്, സിദ്ധാന്ത് വിനോദിന്റെ ഓടക്കുഴൽ ആലാപനം, സൗപർണിക കലാക്ഷേത്രയിലെ വിനീത പ്രവീണിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികൾ, ദീപു നായരുടെ ഗാനാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി.
ലീലാപിള്ളയും ശോഭാ നായരും അത്തപ്പൂക്കളമിട്ടു. വിജി നായർ, വിജയമ്മ കൈമൾ, കലാ നായർ തുടങ്ങിയവർ താലപ്പൊലിക്ക് നേതൃത്വം നൽകി. ജിതേന്ദ്ര കൈമളിന്റെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. രമേഷ് ചിറ്റൂർ മഹാബലിയായി വേഷമിട്ടു. ദീപു നായരും ലക്ഷ്മി സുരേഷുമായിരുന്നു പരിപാടിയുടെ എം.സി.മാർ.

മറ്റ് പരിപാടികൾക്ക് എം.ആർ.സി. പിള്ള, അരവിന്ദ് പിള്ള, രഘുനാഥൻ നായർ, രാജഗോപാലൻ നായർ, രാധാകൃഷ്ണൻ നായർ, ദീപക് നായർ, പ്രസന്നൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുരേഷ് ബാലചന്ദ്രൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.



Nair Association of Greater Chicago celebrates Onam with grandeur