swayamvara
pulimoottil

ചന്ദ്രനിലേക്കുള്ള യാത്രയില്‍ നിങ്ങൾക്കും പങ്കുചേരാം: പൊതുജനങ്ങൾക്ക് അവസരമൊരുക്കി നാസ

ചന്ദ്രനിലേക്കുള്ള യാത്രയില്‍ നിങ്ങൾക്കും പങ്കുചേരാം: പൊതുജനങ്ങൾക്ക് അവസരമൊരുക്കി നാസ

ന്യൂയോർക്ക്: ചന്ദ്രനിലേക്കുള്ള യാത്രയില്‍ പൊതുജനങ്ങള്‍ക്കും പ്രതീകാത്മകമായി പങ്കുചേരാന്‍ അവസരം ഒരുക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2026-ന്റെ തുടക്കത്തില്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ആര്‍ട്ടെമിസ് II ദൗത്യത്തിന് മുന്നോടിയായി ലോകമെമ്പാടുമുള്ളവര്‍ക്ക് ഈ അവസരം ലഭ്യമാണ്. ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി ഓറിയോണ്‍ ബഹിരാകാശ പേടകത്തില്‍ നിങ്ങളുടെ പേരും ചന്ദ്രനെ വലംവെക്കും. അതിനായി ഇപ്പോള്‍ പേരുകള്‍ സമര്‍പ്പിക്കാം. നാസയുടെ ചരിത്രപരമായ ദൗത്യങ്ങളില്‍ പൊതുജനങ്ങളെയും പങ്കാളികളാക്കുന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ് ഈ അവസരം. ചന്ദ്രനിലേക്കുള്ള ഈ യാത്രയില്‍ ലോകമെമ്പാടുമുള്ള പൗരന്മാര്‍ക്ക് പ്രതീകാത്മകമായി പങ്കെടുക്കാന്‍ അതിലൂടെ അവസരം ലഭിക്കും.

പേരുകള്‍ സമര്‍പ്പിക്കാനുള്ള അവസരം നാസ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ പേരും ഒരു ഡിജിറ്റല്‍ മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കുകയും ദൗത്യസമയത്ത് ഓറിയോണ്‍ പേടകത്തിനുള്ളില്‍ വെക്കുകയും ചെയ്യും. ആര്‍ട്ടെമിസിലെ അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ ഡിജിറ്റല്‍ രേഖയായി ഈ പേരുകള്‍ സൂക്ഷിക്കപ്പെടും.

ഈ യാത്രയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നവരോട് നാസയുടെ സന്ദേശം ലളിതമാണ്: ആര്‍ട്ടെമിസ് II ചന്ദ്രനിലേക്ക് പോകുന്നു, നിങ്ങളുടെ പേരിനും പോകാം. ആര്‍ട്ടെമിസ് II ഒരു ചരിത്രപരമായ നാഴികക്കല്ലായിരിക്കുമെന്നാണ് നാസ പറയുന്നത്.

ആര്‍ട്ടെമിസ് ദൗത്യങ്ങളിലെ മനുഷ്യരെ വഹിക്കുന്ന ആദ്യത്തെ യാത്രയാണിത്. നാസയുടെ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക് എന്നിവരും കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുടെ (CSA) ജെറമി ഹാന്‍സണും അടങ്ങുന്ന നാല് ബഹിരാകാശയാത്രികര്‍, ശക്തമായ സ്‌പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റില്‍ യാത്ര ചെയ്യുന്ന ആദ്യത്തെ മനുഷ്യരാകും. ചന്ദ്രനെ ചുറ്റി തിരികെ വരുന്ന ഈ യാത്രയില്‍ ഓറിയോണിന്റെ നൂതനമായ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍ അവര്‍ പരീക്ഷിക്കും. അരനൂറ്റാണ്ടിനിടയില്‍ മനുഷ്യന്‍ സഞ്ചരിച്ചതിനേക്കാള്‍ ദൂരേക്ക് ഈ യാത്ര അവരെ എത്തിക്കും.

ബഹിരാകാശയാത്രികര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാതെ ഓറിയോണ്‍ പേടകത്തില്‍ തന്നെ തുടരുമെങ്കിലും നാസയുടെ ദീര്‍ഘകാല പദ്ധതികളിലേക്കുള്ള ഒരു സുപ്രധാന ചവിട്ടുപടിയാണ് ആര്‍ട്ടെമിസ് II. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ബഹിരാകാശയാത്രികരെ ഇറക്കാന്‍ ലക്ഷ്യമിടുന്ന ആര്‍ട്ടെമിസ് III ദൗത്യത്തിന് ആവശ്യമായ കഴിവുകള്‍ ഈ ദൗത്യം സ്വായത്തമാക്കും. ഭാവിയില്‍ ചൊവ്വയിലേക്കുള്ള ദൗത്യങ്ങള്‍ പോലുള്ള വലിയ വെല്ലുവിളികള്‍ക്കായി ബഹിരാകാശയാത്രികരെ തയ്യാറാക്കാന്‍ ഈ ശ്രമങ്ങള്‍ സഹായിക്കും.

ഓറിയോണില്‍ പേരുകള്‍ അയക്കുന്നതിലൂടെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ ഒരു അധ്യായത്തിന്റെ ഭാഗമാകാന്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിക്കും. ബഹിരാകാശം എല്ലാവര്‍ക്കുമുള്ളതാണ്. ഇതിനായി പേര് നല്‍കുന്നതിലൂടെ, മനുഷ്യരാശിയുടെ ചന്ദ്രനിലേക്കുള്ള മടക്കയാത്രയില്‍ നിങ്ങളും പ്രതീകാത്മകമായി പങ്കുചേരുകയാണ് – നാസ പറയുന്നു.

Share Email
LATEST excelnclexrn
More Articles
Top