ഇന്ത്യ-ജർമനി വ്യാപാരം ഇരട്ടിയാക്കും; ട്രംപിന്റെ നയങ്ങൾ ലോകത്ത് സാമ്പത്തിക അനിശ്ചിതത്വത്തിന് കാരണമായി: എസ്. ജയശങ്കർ

ഇന്ത്യ-ജർമനി വ്യാപാരം ഇരട്ടിയാക്കും; ട്രംപിന്റെ നയങ്ങൾ ലോകത്ത് സാമ്പത്തിക അനിശ്ചിതത്വത്തിന് കാരണമായി: എസ്. ജയശങ്കർ

ന്യൂഡൽഹി: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ലോകത്ത് സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പരോക്ഷമായി വിമർശിച്ചു. ആഗോള സാഹചര്യങ്ങളിലെ മാറ്റങ്ങളാണ് ഇന്ത്യ ചൈനയുമായി അടുക്കുന്ന നയം സ്വീകരിക്കാൻ കാരണമെന്ന സൂചനയും അദ്ദേഹം നൽകി. ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാദ്ഫൂലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ജയശങ്കർ. ലോകം ആഗ്രഹിക്കുന്നത് സ്ഥിരതയുള്ള നയങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുമായുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാദ്ഫൂൽ പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ആഗോള ക്രമം രാജ്യങ്ങളെ അവരുടെ തന്ത്രങ്ങളെയും പങ്കാളിത്തങ്ങളെയും കുറിച്ച് പുനർവിചിന്തനം നടത്താൻ നിർബന്ധിതരാക്കുന്നുവെന്ന് ജയശങ്കർ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ജർമനിയുടെ സഹായം ഉറപ്പാണെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സാമ്പത്തിക അസ്ഥിരതയും യൂറോപ്യൻ യൂണിയനുമായും ജർമനിയുമായും ശക്തമായ പങ്കാളിത്തത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ജർമനിയുമായുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 50 ബില്യൺ യൂറോയിലെത്തിയെന്നും വരും വർഷങ്ങളിൽ ഇത് ഇരട്ടിയാകുമെന്ന് ജർമൻ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചതായും ജയശങ്കർ പറഞ്ഞു. യുഎസുമായുള്ള വ്യാപാര ബന്ധത്തിലുണ്ടായ തിരിച്ചടി മറികടക്കാൻ ഇന്ത്യയ്ക്ക് പുതിയ വിപണികളും സാധ്യതകളും തുറന്നുകിട്ടിയിരിക്കുന്നു എന്നതാണ് നിർണായകമായ കാര്യമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ജർമൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും ജർമൻ കമ്പനികൾക്ക് ഇന്ത്യയിലേക്കു വന്ന് പ്രവർത്തിക്കുന്നതിലുണ്ടാകുന്ന ഏത് ആശങ്കയിലും പ്രത്യേക ശ്രദ്ധ നൽകാൻ തങ്ങൾ തയ്യാറാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

India-Germany trade to double; Trump’s policies have caused economic uncertainty in the world: S. Jaishankar

Share Email
Top