ലോകവേദിയിൽ ഹമാസിന് കടുത്ത മുന്നറിയിപ്പുമായി നെതന്യാഹു, ‘ഗാസയിലെ ദൗത്യം ഉടൻ തീർക്കും’; വേദി വിട്ട് പ്രതിനിധികൾ

ലോകവേദിയിൽ ഹമാസിന് കടുത്ത മുന്നറിയിപ്പുമായി നെതന്യാഹു, ‘ഗാസയിലെ ദൗത്യം ഉടൻ തീർക്കും’; വേദി വിട്ട് പ്രതിനിധികൾ

ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളെ ന്യായീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നെതന്യാഹു പ്രസംഗം തുടങ്ങിയപ്പോൾ നിരവധി രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥരും ഹാൾ വിട്ടുപോയതോടെ വേദി ഏതാണ്ട് ശൂന്യമായി. ഹമാസിന്‍റെ ഭീഷണി പൂർണ്ണമായി ഇല്ലാതാകുന്നതുവരെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. “ഗാസയിലെ ദൗത്യം ഇസ്രയേൽ വേഗത്തിൽ പൂർത്തിയാക്കും,” അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) യുദ്ധക്കുറ്റ ആരോപണങ്ങൾ നേരിടുന്ന നെതന്യാഹുവിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെപ്പോലുള്ള ചുരുക്കം ചില സഖ്യകക്ഷികളുടെ പിന്തുണ മാത്രമേ നിലവിലുള്ളൂ. പ്രസംഗത്തിനിടെയുള്ള പ്രതിനിധികളുടെ ഇറങ്ങിപ്പോക്ക് ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ നേരിടുന്ന അന്താരാഷ്ട്ര ഒറ്റപ്പെടലിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

പ്രസംഗത്തിന് മുൻപ്, ഇസ്രയേൽ സൈന്യം നെതന്യാഹുവിന്‍റെ നിർദ്ദേശപ്രകാരം ഗാസയ്ക്ക് ചുറ്റും ഉച്ചഭാഷിണികൾ സ്ഥാപിച്ചിരുന്നു. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ പ്രസംഗം ഗാസയിലെ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് സ്ട്രീം ചെയ്യാൻ നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഹമാസ് നേതാക്കളോട് “കീഴടങ്ങുക, ആയുധങ്ങൾ ഉപേക്ഷിക്കുക, ബന്ദികളെ വിട്ടയയ്ക്കുക” എന്നും പ്രസംഗത്തിൽ നെതന്യാഹു ആവശ്യപ്പെട്ടു.

Share Email
Top