നെതന്യാഹുവിന്റെ ഏകപക്ഷീയ തീരുമാനം; ഖത്തറിലെ യുഎസ് സഖ്യത്തിന് തിരിച്ചടിയെന്ന് ട്രംപ്

നെതന്യാഹുവിന്റെ ഏകപക്ഷീയ തീരുമാനം; ഖത്തറിലെ യുഎസ് സഖ്യത്തിന് തിരിച്ചടിയെന്ന് ട്രംപ്

ഖത്തറില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അസന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അദ്ദേഹം “ഇത് നല്ല സാഹചര്യമല്ല. ബന്ദികളെ തിരികെ കൊണ്ടുവരണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ ഇന്ന് സംഭവിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമില്ല” എന്ന് വ്യക്തമാക്കി.

ട്രംപ് നേരത്തെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലും പ്രതികരിച്ചു. ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേതാണെന്നും അത് താന്‍ അംഗീകരിച്ച കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സൈന്യം ആക്രമണത്തെക്കുറിച്ച് അറിയുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നുവെന്നും, ഖത്തര്‍ പോലുള്ള ശക്തമായ സഖ്യകക്ഷിയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഏകപക്ഷീയമായി നടത്തിയ നടപടി ഇരു രാജ്യങ്ങളുടെയും ലക്ഷ്യങ്ങളെ മുന്നോട്ടു കൊണ്ടുപോകില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇത്തരം ആക്രമണം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കാനായി ഖത്തര്‍ പ്രധാനമന്ത്രിയുമായും അമീറുമായും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം ട്രംപിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കാനിടയുണ്ടെന്ന് യുഎസ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. യുഎസിന്റെ ഏറ്റവും വലിയ സൈനിക താവളങ്ങളില്‍ ഒന്ന് ഖത്തറിലാണ്. കൂടാതെ വൈറ്റ് ഹൗസിന്റെ നിര്‍ദേശപ്രകാരം ഹമാസുമായി നടക്കുന്ന ചര്‍ച്ചകളും ഖത്തറാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ നടന്ന ആക്രമണം മേഖലയില്‍ അമേരിക്ക വാഗ്ദാനം ചെയ്യുന്ന സുരക്ഷയെ ചോദ്യംചെയ്യുന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, “ഹമാസ് നേതാക്കള്‍ എവിടെയായാലും രക്ഷപ്പെടില്ല” എന്ന് ഇസ്രയേലിന്റെ യുഎസ് അംബാസഡര്‍ യെച്ചിയേല്‍ ലെയ്തര്‍ വ്യക്തമാക്കി. ദോഹയിലെ ആക്രമണത്തില്‍ ലക്ഷ്യംവെച്ചവര്‍ രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ അടുത്തതവണ തീര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞദിവസമാണ് ഇസ്രയേല്‍ ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. 15 പോര്‍വിമാനങ്ങള്‍ പങ്കെടുത്ത ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ അഞ്ച് അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്നും, എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്നും സംഘടന വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ഖത്തറിന്റെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Netanyahu’s unilateral decision; A setback to the US alliance in Qatar, says Trump

Share Email
LATEST
More Articles
Top