ഹ്യൂസ്റ്റണിൽ നവീന ബൈബിൾ പഠന ക്ലാസുകൾക്ക് തുടക്കം

ഹ്യൂസ്റ്റണിൽ നവീന ബൈബിൾ പഠന ക്ലാസുകൾക്ക് തുടക്കം

എ.സി.ജോർജ്

ഹ്യൂസ്റ്റൺ: പ്രശസ്ത ബൈബിൾ തത്വചിന്തകനും ഗ്രന്ഥകർത്താവുമായ ഡോക്ടർ നൈനാൻ മാത്തുള്ളയുടെ നേതൃത്വത്തിൽ നവീനവും ശാസ്ത്രീയവുമായ രീതിയിൽ ബൈബിൾ പഠന ക്ലാസുകൾക്ക് തുടക്കമായി. സെപ്റ്റംബർ 7-ന് ഗ്രേറ്റർ ഹ്യൂസ്റ്റണിലെ സ്റ്റാഫ്ഫോർഡിലുള്ള അപ്നാ ബസാർ ഓഡിറ്റോറിയത്തിൽവെച്ച് അനേകം പ്രമുഖരുടെ സാന്നിധ്യത്തിൽ ബൈബിൾ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു.

റവ. ഫാദർ എബ്രഹാം തോട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗം ബിഷപ്പ് ഡെയിൽ ക്ലെയിം ഉദ്ഘാടനം ചെയ്തു. ജോൺ ലാലിന്റെ പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം എൻ.എഫ്.എൽ. ജോൺസൺ സ്വാഗതം ആശംസിച്ചു. തുടർന്ന് സാബു ജെയിംസ് ഭക്തിനിർഭരമായ സ്വാഗതഗാനം ആലപിച്ചു.

മുഖ്യ അധ്യാപകനായ ഡോക്ടർ നൈനാൻ മാത്തുള്ള, ഗ്രേറ്റർ ഹ്യൂസ്റ്റണിലെ സ്റ്റാഫ്ഫോർഡിൽ ക്രമീകരിച്ചിരിക്കുന്ന നൂതന ബൈബിൾ പഠന പദ്ധതികളെക്കുറിച്ച് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിശദീകരിച്ചു. വളരെ വിദഗ്ധരായ അധ്യാപകരാണ് ഈ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വെവ്വേറെ ക്ലാസുകൾ ഉണ്ട്. ആരോഗ്യപരമായ ചർച്ചകളുടെയും ചോദ്യോത്തരങ്ങളുടെയും വെളിച്ചത്തിലായിരിക്കും ക്ലാസുകൾ മുന്നോട്ട് പോകുക. ബൈബിളിലെ പഴയനിയമങ്ങളെയും പുതിയനിയമങ്ങളെയും അടിസ്ഥാനമാക്കി ആഴത്തിലുള്ള ഒരു സമഗ്ര പാഠ്യപദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.

മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, സ്റ്റാഫ്ഫോർഡ് മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, തോമസ് ചെറുകര, പൊന്നു പിള്ള, എ.സി. ജോർജ്, ഡോക്ടർ മാത്യു വൈരമൺ, എസ്.കെ. ചെറിയാൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. മേയർ റോബിൻ ഏലക്കാട്ട് ഈ നൂതന ബൈബിൾ വ്യാഖ്യാന പഠന സംരംഭത്തിന് എല്ലാ പിന്തുണയും അറിയിച്ചുകൊണ്ടുള്ള പ്രശംസാപത്രവും ഡോക്ടർ നൈനാൻ മാത്തുള്ളയ്ക്ക് നൽകി.

ബൈബിൾ വെറുതെ വായിച്ചു പോകേണ്ട ഒരു പുസ്തകമല്ലെന്നും അത് ആഴത്തിൽ പഠിക്കേണ്ടതും ജീവിതത്തിൽ അലിഞ്ഞുചേരേണ്ടതുമായ യാഥാർത്ഥ്യങ്ങളാണെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി. മിസ് ഹെസിബാ ജോൺസൻ, ആൻഡ്രൂസ് ജേക്കബ് തുടങ്ങിയവർ പ്രാർത്ഥനാഗാനങ്ങൾ ആലപിച്ചു. കുമാരി നെസ്‌റ്റാ ചാക്കോ ക്രിസ്ത്യൻ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചു. പാസ്റ്റർ ബിനോയ് ബെനഡിക്ഷൻ നടത്തിയ പ്രാർത്ഥനയ്ക്കുശേഷം പാസ്റ്റർ മാത്യു ജോർജ് കൃതജ്ഞത രേഖപ്പെടുത്തി.

New Bible study classes begin in Houston

Share Email
Top