ഇന്ത്യക്ക് മേൽ കൂടുതൽ താരിഫ് ചുമത്തിയേക്കും, സൂചന നൽകി ട്രംപ്; റഷ്യൻ സമ്പദ്‌വ്യവസ്ഥ തകർന്നേക്കാമെന്ന് യുഎസ് മുന്നറിയിപ്പ്

ഇന്ത്യക്ക് മേൽ കൂടുതൽ താരിഫ് ചുമത്തിയേക്കും, സൂചന നൽകി ട്രംപ്; റഷ്യൻ സമ്പദ്‌വ്യവസ്ഥ തകർന്നേക്കാമെന്ന് യുഎസ് മുന്നറിയിപ്പ്

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് കൂടുതൽ താരിഫ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധങ്ങൾക്കായി നിങ്ങൾ തയ്യാറാണോ എന്ന ചോദ്യത്തിന് “അതെ, ഞാൻ തയ്യാറാണ്” എന്ന് ആണ് ട്രംപ് മറുപടി നൽകിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക് കൂടുതൽ താരിഫ് ആലോചിക്കുമോയെന്ന ചോദ്യത്തിനും “അതെ” എന്നായിരുന്നു അദ്ദേഹത്തിൻ്റെ ഉത്തരം.

ഇതിനകം, റഷ്യൻ എണ്ണ വ്യാപാരത്തിൻ്റെ പേരിൽ ഇന്ത്യയ്ക്കുമേൽ യുഎസ് 50 ശതമാനം വരെ താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ എണ്ണ ഇറക്കുമതിയിലൂടെ ഇന്ത്യ യുക്രെയ്ൻ യുദ്ധത്തിന് പരോക്ഷമായി ധനസഹായം നൽകുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ ആരോപണം. എന്നാൽ, രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

നിലവിലെ താരിഫ് കാരണം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വലിയ കുറവുണ്ടാകുമെന്നും, ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ വ്യവസായ മേഖല ആശങ്കപ്പെടുന്നു. എന്നാൽ, ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിച്ച് ഈ തിരിച്ചടിയെ നേരിടാൻ സർക്കാർ ശ്രമിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റഷ്യൻ സമ്പദ്‌വ്യവസ്ഥ തകർന്നേക്കാമെന്ന് യുഎസ് മുന്നറിയിപ്പ്

റഷ്യൻ സമ്പദ്‌വ്യവസ്ഥ തകർന്നേക്കാമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. റഷ്യയുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ റഷ്യൻ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായി തകരുമെന്നും അത് പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ചർച്ചയ്ക്ക് കൊണ്ടുവരുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് പറഞ്ഞു.

റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ബെസ്സെന്റിന്റെ ഈ പ്രസ്താവന. റഷ്യക്കെതിരെ ഉപരോധങ്ങളുടെ രണ്ടാം ഘട്ടത്തിന് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ട്രഷറി സെക്രട്ടറിയുടെ പ്രസ്താവന.

യുക്രെയ്ൻ സൈന്യത്തിന് എത്രത്തോളം പിടിച്ചുനിൽക്കാനാകും, റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് എത്രത്തോളം പിടിച്ചുനിൽക്കാനാകും എന്നതിനിടയിലുള്ള ഒരു മത്സരത്തിലാണ് നമ്മളെന്ന് ബെസ്സെന്റ് എൻബിസി ന്യൂസിനോട് പറഞ്ഞു. റഷ്യയക്കെതിരെ സമ്മർദ്ദം വർദ്ധിപ്പിക്കാൻ യുഎസ് തയ്യാറാണെന്നും, യൂറോപ്യൻ പങ്കാളികൾ തങ്ങളെ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top