ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം വർണാഭമാക്കി

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം വർണാഭമാക്കി

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും പുരാതന മലയാളി സംഘടനകളിലൊന്നായ കേരളാ സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്, 53 വർഷം പൂർത്തിയാക്കിയതിന്റെ അഭിമാനത്തോടെ ഈ വർഷത്തെ ഓണാഘോഷവും ഓണസദ്യയും വർണാഭമായി നടത്തി. എൽമോണ്ടിലുള്ള വിൻസെന്റ് ഡി പോൾ മലങ്കര കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ, ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ വരവേറ്റ ഘോഷയാത്ര കാണികളെ ആവേശഭരിതരാക്കി.

സമാജം പ്രസിഡന്റ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെ.ആർ.കെ, ട്രസ്റ്റി ബോർഡ് ചെയർമാൻ വിൻസെന്റ് സിറിയക്, വൈസ് പ്രസിഡന്റ് ബെന്നി ഇട്ടിയേറ, ജോയിന്റ് സെക്രട്ടറി ജോസി സ്കറിയ എന്നിവരും, മുഖ്യാതിഥികളായ പാലാ എം.എൽ.എ. മാണി സി. കാപ്പൻ, വേദപണ്ഡിതൻ രാജീവ് ഭാസ്കർ, സമാജം മുൻ പ്രസിഡന്റുമാരായ ഡോ. ജേക്കബ് തോമസ്, സണ്ണി പണിക്കർ, വർഗീസ് പോത്താനിക്കാട്, ചാക്കോ കോയിക്കലത്ത്, വർഗീസ് കെ. ജോസഫ്, ഫിലിപ്പോസ് കെ. ജോസഫ്, സിബി ഡേവിഡ്, സമാജം പ്രഥമ പ്രസിഡന്റ് പ്രൊഫ. ജോസഫ് ചെറുവേലി, പ്രസിഡന്റ്സ് ഫോറം കോഓർഡിനേറ്റർ ഷാജു സാം, കമ്മിറ്റി അംഗങ്ങളായ മാമ്മൻ എബ്രഹാം, ബാബു പാറക്കൽ, തോമസ് വർഗീസ്, ജോയ്സൺ വർഗീസ്, ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, ഫൊക്കാനാ മുൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങളായ ലീലാ മാരേട്ട്, മേരി ഫിലിപ്പ്, മേരിക്കുട്ടി മൈക്കിൾ, ഫോമാ നേതാക്കളായ ലാലി കളപ്പുരക്കൽ, എബ്രഹാം ഫിലിപ്പ്, പള്ളി വികാരി ഫാദർ നോബി അയ്യനേത്ത് എന്നിവരും ഘോഷയാത്രക്ക് നേതൃത്വം നൽകി.

കേരളത്തനിമ വിളിച്ചോതുന്ന അത്തപ്പൂക്കളവും, നിറപറയും, നിലവിളക്കും, തിരുവാതിര, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം തുടങ്ങിയ കലാപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. 18 വിഭവങ്ങളുള്ള വിഭവസമൃദ്ധമായ ഓണസദ്യയും, മൂന്ന് കൂട്ടം പായസവും ഒരുക്കിയപ്പോൾ പങ്കെടുത്ത എല്ലാവർക്കും ഗൃഹാതുരമായ ഒരോണക്കാലം ഓർത്തെടുക്കാൻ കഴിഞ്ഞു.

സാധാരണയായി എല്ലാ ചടങ്ങുകളിലും നടത്താറുള്ളതുപോലെ, ഉദ്ഘാടന വേദിയിൽ മുഖ്യാതിഥി മാണി സി. കാപ്പൻ, മുഖ്യ പ്രഭാഷകൻ രാജീവ് ഭാസ്കരൻ, മാവേലി, സംഘടനാ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ, വിശിഷ്ട വ്യക്തികൾ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി. അമേരിക്കൻ ദേശീയ ഗാനത്തിനും സോമി മാത്യു ആലപിച്ച ഇന്ത്യൻ ദേശീയ ഗാനത്തിനും ശേഷം സെക്രട്ടറി മാത്യുക്കുട്ടി ഈശോ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന്, സമാജം പ്രസിഡന്റ് സജി എബ്രഹാം ഓണാശംസകൾ നേർന്ന് സമാജത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് ബെന്നി ഇട്ടിയേറ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമായ ഓണം നാട്ടിൽ ഒന്നോ രണ്ടോ ദിവസം മാത്രം ആഘോഷിക്കുമ്പോൾ, അമേരിക്കയിൽ ഒരു മാസത്തോളം നീളുന്ന ഓണാഘോഷങ്ങൾ സന്തോഷകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാണി സി. കാപ്പൻ പറഞ്ഞു. തോമസ് എഡിസന്റെ ജീവിതം ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഓണാഘോഷം മറ്റുള്ളവർക്ക് പോസിറ്റീവ് എനർജി നൽകുന്ന ഒന്നായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓണസന്ദേശം നൽകിയ രാജീവ് ഭാസ്കരൻ, മലയാളികളുടെ ദേശാടനത്തിന്റെയും പ്രവാസത്തിന്റെയും പശ്ചാത്തലങ്ങൾ വിവരിച്ച്, ‘സമാജം’ എന്ന വാക്ക് ഈ സംഘടനക്ക് തികച്ചും അനുയോജ്യമാണെന്ന് പറഞ്ഞു. 53 വർഷം മുൻപ് ഈ സംഘടനക്ക് രൂപം നൽകിയ പ്രൊഫ. ജോസഫ് ചെറുവേലി സാറിനെ വേദിയിൽ സാക്ഷിയാക്കി, കേരളത്തിന്റെ പ്രൗഢി നിലനിർത്തിക്കൊണ്ട് സമാജത്തിന് ഇനിയും ദശാബ്ദങ്ങളോളം മുന്നേറാൻ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ വിൻസെന്റ് സിറിയക്, കമ്മിറ്റി അംഗം ലീലാ മാരേട്ട്, പ്രസിഡന്റ്സ് ഫോറം കോഓർഡിനേറ്റർ ഷാജു സാം എന്നിവരുടെ ആശംസകൾ ആഘോഷത്തിന് മാറ്റുകൂട്ടി.

കലാതരംഗിണി ഡോ. റിയ ജോണിയുടെ നേതൃത്വത്തിലുള്ള ‘കലാ ഹാർട്സ് ഡാൻസ് സ്കൂളിലെ’ കലാകാരന്മാർ അവതരിപ്പിച്ച തിരുവാതിര, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ ചേർന്ന ഫ്യൂഷൻ ഡാൻസ് അതിമനോഹരമായിരുന്നു. പ്രശസ്ത സിനിമാനടി ആശാ ശരത്തിന്റെ ശിക്ഷണത്തിൽ ഓൺലൈനിലൂടെ നൃത്തം പഠിച്ച ഫിലാഡെൽഫിയയിൽ നിന്നുള്ള ഒമ്പതാം ക്ലാസ് വിദ്യാർഥിനി കെയ്റ്റ്ലിൻ വർഗീസിന്റെ ഭരതനാട്യം ഏറെ ശ്രദ്ധ നേടി. ഗായിക സോമി മാത്യുവും യുവഗായകനായ പ്രേംകൃഷ്ണനും അവതരിപ്പിച്ച ഓണപ്പാട്ടുകൾ സദസ്സിന് കുളിർമയേകി. മുൻ പ്രസിഡന്റ് സിബി ഡേവിഡ് പരിപാടികൾ നിയന്ത്രിച്ചു. അമ്പത് വർഷം തുടർച്ചയായി മാവേലി വേഷം കെട്ടിയ അപ്പുപിള്ളക്ക് ഗിന്നസ് റെക്കോർഡ് ലഭിക്കട്ടെ എന്ന് എല്ലാവരും ആശംസിച്ചു. കെ.സി.എ.എൻ.എ-യുടെ ചെണ്ട ടീം ചെണ്ടമേളം അവതരിപ്പിച്ചു.

കമ്മിറ്റി അംഗങ്ങളായ ഹേമചന്ദ്രനും ഭാര്യ ശ്രീദേവിയും ചേർന്ന് ഒരുക്കിയ അതിമനോഹരമായ പൂക്കളം നയനമനോഹരമായിരുന്നു. ജോസി സ്കറിയ, തോമസ് പ്രകാശ്, ഹേമചന്ദ്രൻ, ജോർജ്, ബിഞ്ചു ജോൺ എന്നിവരുടെ നേതൃത്വത്തിൽ കലവറ നിയന്ത്രിച്ചതിനാൽ കൃത്യസമയത്ത് വിഭവങ്ങൾ വിളമ്പാൻ സാധിച്ചു. ട്രസ്റ്റി ബോർഡ് അംഗം കൂടിയായ ഫിലിപ്പോസ് കെ. ജോസഫിന്റെ (ഷാജി) ഉടമസ്ഥതയിലുള്ള ‘ദിൽബാർ ഇന്ത്യൻ റെസ്റ്റോറന്റിൽ’ നിന്ന് തയ്യാറാക്കിയ ഓണസദ്യ എല്ലാവരും വയറുനിറയെ കഴിച്ചു.

പ്രേംസി ജോണിന്റെ നേതൃത്വത്തിലുള്ള പട്ടുസാരികളുടെയും കേരള സെറ്റ് സാരികളുടെയും സ്റ്റാളിൽനിന്ന് വസ്ത്രങ്ങൾ വാങ്ങാനും, കഥകളിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഫോട്ടോ ബൂത്തിൽ സൗജന്യമായി ഫോട്ടോ എടുക്കാനും അവസരമുണ്ടായിരുന്നു.

New York Kerala Samajam made Onam celebrations colorful

Share Email
Top