തൃശൂർ: തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവെച്ചുകൊണ്ടുള്ള വിലക്ക് തുടരും. ഇതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ടോൾ പിരിക്കുന്നത് തടഞ്ഞുകൊണ്ട് ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കരാർ കമ്പനി ദേശീയപാത അതോറിറ്റിയുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചു എന്നും റോഡിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഹൈക്കോടതി ടോൾ പിരിവ് നിർത്തിവെക്കാൻ ഇടക്കാല ഉത്തരവിട്ടത്.
ഹൈക്കോടതി വിലക്ക് തുടരാൻ തീരുമാനിച്ചതോടെ, ടോൾ പ്ലാസ വഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് അടുത്ത ചൊവ്വാഴ്ച വരെയും ടോൾ നൽകേണ്ടി വരില്ല. കേസിൽ ദേശീയപാത അതോറിറ്റിയുടെയും ടോൾ കമ്പനിയുടെയും വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും അന്തിമ വിധി.













