തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായുള്ള ‘നോര്‍ക്ക കെയര്‍’ സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിക്കു തുടക്കമായി. ‘നോര്‍ക്ക കെയര്‍’ സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ മികച്ച ഗുണനിലവാരത്തില്‍ സമയബന്ധിതമായി നല്‍കുന്നതിലും കേരളം മികച്ച മാതൃകയാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരു സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി എന്നത്. ലോക കേരള സഭയിലും ഇതേ ആവശ്യം ഉയര്‍ന്നുവന്നിരുന്നു. ആ ആവശ്യമാണ് ഇപ്പോള്‍ നിറവേറ്റപ്പെടുന്നത്. ലോകത്തെമ്പാടുമുളള പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രതിബദ്ധതയുടെ തെളിവുകൂടിയാണ് നോര്‍ക്ക കെയര്‍. ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം മുതല്‍ ഈ സേവനം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി പ്രകാരം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളില്‍ ഇതുവഴി ക്യാഷ്ലെസ് ചികിത്സ ലഭ്യമാകും. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും കുടുംബത്തിനും അവര്‍ താമസിക്കുന്ന ഇടങ്ങളില്‍തന്നെ ചികിത്സ ഉറപ്പാക്കാനാകും. നിലവില്‍ രാജ്യത്തിനുള്ളില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുകയെങ്കിലും, ഭാവിയില്‍ ജി സി സി രാജ്യങ്ങളിലുള്‍പ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായിമുഖ്യമന്ത്രി അറിയിച്ചു.
നോര്‍ക്ക നടപ്പിലാക്കുന്ന ‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍സ് പദ്ധതി അങ്ങേയറ്റം മാതൃകാപരമാണെന്നും സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയ ‘മെഡിസെപ്’ പദ്ധതി ഇതിന് പ്രചോദനമായെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ അസീഫ് കെ. യൂസഫ്, ദി ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഗിരിജ സുബ്രഹ്മണ്യം, കേരള നോണ്‍-റസിഡന്റ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഗഫൂര്‍ പി. ലില്ലിസ്, ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബാജു ജോര്‍ജ്, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ. അജിത് കോളശേരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Norka Care’, a comprehensive health and accident insurance scheme for expatriate Malayalis, has been launched;













