ഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്ത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, തുടർച്ചയായ തോൽവികളിൽ നിരാശരായ കോൺഗ്രസും രാഹുൽ ഗാന്ധിയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് കുറ്റപ്പെടുത്തി. റാഫേൽ ഇടപാട്, പെഗാസസ് തുടങ്ങിയ വിഷയങ്ങളിൽ മുൻപ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും, പലപ്പോഴും രാഹുൽ ഗാന്ധി കോടതിയിൽ മാപ്പ് പറയേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും, വോട്ട് ഓൺലൈനായി വെട്ടിക്കളയാൻ സാധിക്കില്ലെന്നും താക്കൂർ വ്യക്തമാക്കി. 2023-ലെ ഒരു സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചിരുന്നുവെന്നും, എന്നാൽ കർണാടക പോലീസ് ഇക്കാര്യത്തിൽ എന്ത് ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്തതെന്നും, ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രാഹുൽ ഗാന്ധി എന്തുകൊണ്ട് സത്യവാങ്മൂലം നൽകുന്നില്ലെന്നും കോടതിയെ സമീപിക്കാത്തതെന്തിനാണെന്നും താക്കൂർ ആരോപിച്ചു
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും, രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള “ടൂൾ കിറ്റ് ഗ്യാംഗിന്റെ” ഭാഗമാണ് കോൺഗ്രസിന്റെ നയമെന്നും അനുരാഗ് താക്കൂർ ആരോപിച്ചു. കോൺഗ്രസിന്റെ നയങ്ങൾ അനധികൃത കുടിയേറ്റക്കാർക്ക് അനുകൂലമാണെന്നും, ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈഡ്രജൻ ബോംബിന് പകരം പൂത്തിരി കത്തിച്ച് മടങ്ങുകയാണ് രാഹുൽ ചെയ്തതെന്നും അനുരാഗ് താക്കൂർ പരിഹസിച്ചു.













