കൊച്ചി: കേരള ഹൈക്കോടതി കേസ് വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും ഇനി മുതൽ വാട്‌സ്ആപ്പ് വഴി അയക്കും. കേസ് സ്റ്റാറ്റസ്, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, ഹർജിയിലുള്ള അപാകതകൾ, കോടതി ഉത്തരവുകൾ എന്നിവയെല്ലാം ഇങ്ങനെ ലഭിക്കും. ഹൈക്കോടതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യസമയത്ത് വേഗത്തിൽ അറിയാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.
വാട്‌സ്ആപ്പ് വഴി വിവരങ്ങൾ ലഭിക്കുന്നതിനായി കക്ഷികൾ അവരുടെ മൊബൈൽ ഫോൺ നമ്പർ ഹൈക്കോടതിയിൽ നൽകണം. ദി ഹൈക്കോർട്ട് ഓഫ് കേരള (The High Court of Kerala) എന്ന ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിൽ നിന്നായിരിക്കും അറിയിപ്പുകൾ ലഭിക്കുക.
ഒക്ടോബർ ആറിനാണ് ഈ സംവിധാനം നിലവിൽ വരുന്നത്. എങ്കിലും, നോട്ടീസ്, സമൻസ്, കത്ത് തുടങ്ങിയ നിലവിലെ ഔദ്യോഗിക അറിയിപ്പ് രീതികൾ തുടരും. വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി അറിയിച്ചു. ഈ പുതിയ സംവിധാനം കക്ഷികൾക്ക് കൂടുതൽ സഹായകരമാകുമെന്നാണ് കരുതുന്നത്.
Now you can get case details in Kerala High Court through WhatsApp