തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഓണം വാരാഘോഷ സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര സെപ്റ്റംബര്‍ ഒന്‍പതിന് നടക്കും. ഘോഷയാത്രയക്ക് കൊഴുപ്പേകാന്‍ 50 പ്ലോട്ടുകളും, 91 ദൃശ്യ ശ്രവ്യകലാരൂപങ്ങളും അണി നിരക്കും. ഘോഷയാത്ര വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കും.
തലസ്ഥാനനഗരിയെ താളലയ- വിസ്മയങ്ങളില്‍ ആറാടിച്ചുകൊണ്ട് ആയിരത്തില്‍പ്പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ അറുപതോളം ഫ്ളോട്ടുകളും ഘോഷയാത്രയില്‍ അണിനിരക്കുന്നതാണ്.
ചൊവ്വാഴ്ച വൈകുന്നേരം നാലിന മാനവീയം വീഥിയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്ര ആരംഭിക്കും.
ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് അമ്പത്തിയൊന്ന് കലാകരന്മാര്‍ ശംഖനാദം മുഴക്കുകയും തുടര്‍ന്ന് വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി . പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറിക്കൊണ്ട് സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും.സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ചിത്രീകരിച്ചുകൊണ്ട് വിവിധ വകുപ്പുകള്‍ തയാറാക്കുന്ന അറുപതോളം ഫ്ളോട്ടുകള്‍ ഘോഷയാത്രയുടെ പ്രത്യേകതയാണ്.
കൂടാതെ 91 െദൃശ്യ- ശ്രവ്യകലാരൂപങ്ങളും ഇന്ത്യന്‍ ആര്‍മിയുടെ ബാന്റ് സംഘവും ഘോഷയാത്രയ്ക്ക് നിറവേകും.
നാനത്വത്തില്‍ ഏകത്വം എന്ന പ്രമേയം മുന്‍നിര്‍ത്തി ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ഗ്രാമീണ കലാ രൂപങ്ങളും ഘോഷ യാത്രയില്‍ ഒത്തുചേരും.
കേരളീയ പൈതൃകവും, സിനിമയും, സാഹിത്യവും, സ്ത്രീശാക്തീകരണവും, സ്ത്രീ സുരക്ഷയും ആരോഗ്യശീലങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയും, വിവിധ തരത്തിലുള്ള ജീവ സുരക്ഷാ സന്ദേശങ്ങളും ഫ്ളോട്ടുകളുടെ വിഷയങ്ങളായി അവതരിപ്പിക്കപ്പെടും.കാണികളില്‍ വിജ്ഞാനവും വിസ്മയവും കൗതുകവുമുണര്‍ത്തുന്നതുമായ ഈ സാംസ്‌കാരിക ഘോഷയാത്ര ഒരു പോയിന്റ് കടക്കാന്‍ ഉദ്ദേശം ഒന്നര മണിക്കൂര്‍ വേണ്ടിവരുമെന്ന് കണക്കാക്കുന്നു.
ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്ളോട്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ഫ്ളോട്ടുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
പബ്ലിക് ലൈബ്രറിക്ക് മുന്നില്‍ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വി.വി.ഐ.പി. പവലിയന് മുന്നിലും യൂണിവേഴ്സിറ്റി കോളേജിന് മുന്‍വശത്തെ വി.ഐ.പി. പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങള്‍ അവതരിപ്പിക്കും.
Onam week-long celebrations conclude on September 9th; 50 plots, 91 audiovisual art forms to fuel the cultural procession