യുഎസിൽ ഒരുലക്ഷം ഫെഡറൽ ജീവനക്കാർ രാജിവെക്കുന്നു; ട്രംപ് ഭരണകൂടത്തിന്റെ ചെലവ് ചുരുക്കൽ പദ്ധതിക്ക് തുടക്കം

യുഎസിൽ ഒരുലക്ഷം ഫെഡറൽ ജീവനക്കാർ രാജിവെക്കുന്നു; ട്രംപ് ഭരണകൂടത്തിന്റെ ചെലവ് ചുരുക്കൽ പദ്ധതിക്ക് തുടക്കം

വാഷിങ്ടൺ: യുഎസിൽ നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുന്ന സെപ്റ്റംബർ 30-ന് ഒരു ലക്ഷത്തിലധികം ഫെഡറൽ ജീവനക്കാർ രാജിവെച്ചൊഴിയും. സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന ഫെഡറൽ ഡെഫേർഡ് റെസിഗ്‌നേഷൻ പ്രോഗ്രാമിന്റെ (Federal Deferred Resignation Program) ഭാഗമായാണ് കൂട്ടരാജി നടക്കുക. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഫെഡറൽ ജോലികളിൽ ഒറ്റവർഷം ഉണ്ടാകുന്ന ഏറ്റവും വലിയ കുറവാണിത്.

ഷട്ട്ഡൗൺ ഭീഷണിക്കിടെ കൂട്ടരാജി

യു.എസ്. കോൺഗ്രസ് അധിക ഫണ്ട് അനുവദിക്കുന്നതിൽ പരാജയപ്പെട്ടാൽ ഗവൺമെന്റ് ഷട്ട്ഡൗൺ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന സമയത്താണ് ഈ കൂട്ടരാജി നടക്കുന്നത്. ഷട്ട്ഡൗൺ ഉണ്ടായാൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾക്ക് തയ്യാറെടുക്കാൻ വൈറ്റ് ഹൗസ് ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ട്രംപിന്റെ ഈ രാജിവെക്കൽ പദ്ധതി മുഖേന ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾക്കടക്കം 14.8 ബില്യൺ ഡോളർ ചെലവ് വരുമെന്ന് സെനറ്റ് ഡെമോക്രാറ്റുകൾ ജൂലൈയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. എന്നാലിത് ദീർഘകാലാടിസ്ഥാനത്തിൽ ചെലവ് കുറയ്ക്കുമെന്നും പ്രതിവർഷം 28 ബില്യൺ ഡോളർ ലാഭിക്കുമെന്നുമാണ് ഭരണകൂടത്തിന്റെ വാദം.

സെപ്റ്റംബർ 30-നകം രാജിവെച്ചൊഴിയുന്ന ജീവനക്കാർക്ക് എട്ടുമാസം വരെ അഡ്മിനിസ്‌ട്രേറ്റീവ് അവധിയിൽ പൂർണ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. ഒറ്റത്തവണയുള്ള ഈ ചെലവുകൾ ദീർഘകാല ഫെഡറൽ സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിന് കാരണമാകുമെന്ന് ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റ് (Office of Personnel Management) അറിയിച്ചു.

ചരിത്രത്തിലെ വലിയ വെട്ടിക്കുറയ്ക്കൽ

ജീവനക്കാർക്ക് ഈ പദ്ധതി ഇല്ലായിരുന്നെങ്കിൽ പോലും ശമ്പളം ലഭിക്കുമായിരുന്നതിനാൽ സർക്കാരിന് അധിക ചെലവില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. ഇത് ചരിത്രത്തിലെ ഏറ്റവും വലുതും ഫലപ്രദവുമായ വർക്ക് ഫോഴ്‌സ് കുറയ്ക്കൽ പദ്ധതിയാണ്. ഇതുവഴി സർക്കാരിന് പ്രതിവർഷം 28 ബില്യൺ ഡോളർ ലാഭിക്കാനാകും. സ്വമേധയാ ഉള്ള വേർപിരിയൽ പദ്ധതികൾ, സ്വാഭാവിക വിരമിക്കൽ, നേരത്തെയുള്ള വിരമിക്കൽ പദ്ധതികൾ എന്നിവയിലൂടെ മൊത്തം 2,75,000 ജീവനക്കാർ വിട്ടുപോകുമെന്നാണ് വക്താവ് പറയുന്നത്.

ജീവനക്കാരുടെ ആശങ്ക

അതേസമയം, ജീവനക്കാർ ഭയവും സമ്മർദവും കാരണം രാജിവെക്കാൻ നിർബന്ധിതരാകുന്നുവെന്ന് ആരോപണമുണ്ട്. ഈ പദ്ധതിക്കെതിരെ ഫെഡറൽ ജീവനക്കാരുടെ യൂണിയനുകൾ കോടതിയിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിലാണ് യു.എസ്. ഫെഡറൽ ഡെഫേർഡ് റെസിഗ്‌നേഷൻ പ്രോഗ്രാം ആരംഭിച്ചത്. അമേരിക്കൻ സിവിൽ സർവീസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്വമേധയാ ഉള്ള രാജിവെക്കൽ പദ്ധതിയാണിത്.

One lakh federal employees resign in US; Trump administration’s cost-cutting plan begins

Share Email
LATEST
Top