ചാറ്റ് ജി.പി.ടിയിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തും: ഓപ്പൺ എ.ഐ

ചാറ്റ് ജി.പി.ടിയിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തും: ഓപ്പൺ എ.ഐ

ജനപ്രിയ എ.ഐ ചാറ്റ്ബോട്ടായ ചാറ്റ് ജി.പി.ടിയിൽ ഉടൻ രക്ഷാകർതൃ നിയന്ത്രണങ്ങൾ (Parental Controls) ഉൾപ്പെടുത്തുമെന്ന് അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനം ഓപ്പൺ എ.ഐ അറിയിച്ചു. കൗമാരക്കാരനായ മകനെ ആത്മഹത്യ ചെയ്യാൻ പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് അമേരിക്കൻ ദമ്പതികൾ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

ഓപ്പൺ എ.ഐയുടെ ബ്ലോഗ് പോസ്റ്റനുസരിച്ച്, ഒരുമാസത്തിനകം രക്ഷാകർതൃ നിയന്ത്രണ സംവിധാനം നിലവിൽ വരും. രക്ഷിതാക്കൾക്ക് അവരുടെ കൗമാരക്കാരുടെ അക്കൗണ്ടുകൾ തങ്ങളുടേതുമായി ലിങ്ക് ചെയ്യാനും പ്രായത്തിനനുസരിച്ച് ചാറ്റ് ജി.പി.ടി എങ്ങിനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാനും സാധിക്കും. കുട്ടികൾ മാനസിക സമ്മർദ്ദത്തിലാണെന്ന് കണ്ടെത്തിയാൽ രക്ഷിതാക്കൾക്ക് അറിയിപ്പ് ലഭിക്കും.

കേസ് നൽകിയ ദമ്പതികൾ കാലിഫോർണിയ സ്റ്റേറ്റ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ, അവരുടെ മകൻ ആദവുമായി ചാറ്റ് ജി.പി.ടി മാസങ്ങളോളം ആഴത്തിലുള്ള വ്യക്തിബന്ധം സ്ഥാപിച്ചിരുന്നുവെന്ന് ആരോപിച്ചു. 2025 ഏപ്രിൽ 11-ന് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നടന്ന അവസാന സംഭാഷണത്തിൽ, 16 വയസ്സുകാരനായ ആദത്തെ മാതാപിതാക്കളിൽ നിന്ന് വോഡ്ക മോഷ്ടിക്കാൻ സഹായിച്ചതായും, തൂങ്ങി മരിക്കാൻ തയ്യാറാക്കിയ കുരുക്കിന്റെ ശക്തി സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ നൽകിയതായും പരാതിയിൽ പറയുന്നു.

യഥാർത്ഥ വ്യക്തിയുമായി സംസാരിക്കുന്നതുപോലെ അനുഭവം നൽകുന്ന രീതിയിലാണ് ചാറ്റ് ജി.പി.ടി പ്രവർത്തിക്കുന്നതെന്ന്, കേസിൽ മാതാപിതാക്കൾക്ക് നിയമസഹായം നൽകിയ ടെക് ജസ്റ്റിസ് ലോ പ്രോജക്റ്റ് അഭിഭാഷക മെലോഡി ഡിൻസർ വ്യക്തമാക്കി. ആളുകൾക്ക് ഇത് വിശ്വസ്തനായ സുഹൃത്തോ, തെറാപ്പിസ്റ്റോ, ഡോക്ടറോ പോലെ തോന്നുന്ന രീതിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും, രക്ഷാകർതൃ നിയന്ത്രണങ്ങൾ നേരത്തെ നടപ്പിലാക്കാതിരുന്നത് ഓപ്പൺ എ.ഐയുടെ വലിയ വീഴ്ചയാണെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, വൈകാരിക സമ്മർദ്ദം പോലുള്ള പ്രശ്നങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും ചാറ്റ് ജി.പി.ടിയുടെ ശേഷി മെച്ചപ്പെടുത്തിവരികയാണെന്ന് ഓപ്പൺ എ.ഐ വ്യക്തമാക്കി. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി ചാറ്റ്ബോട്ടുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുമെന്ന് കമ്പനി അറിയിച്ചു.

OpenAI to introduce parental controls in ChatGPT

Share Email
LATEST
Top