ന്യൂഡൽഹി: ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകൾ തങ്ങളുടെ പ്രവർത്തന കേന്ദ്രങ്ങൾ അഫ്ഗാനിസ്ഥാൻ അതിർത്തിയിലേക്ക് മാറ്റിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനകളാണ് താവളങ്ങൾ അഫ്ഗാൻ അതിർത്തി പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലേക്ക് മാറ്റിയത്.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക് അധീന കശ്മീരിലെ (പിഒകെ) ഒമ്പതോളം ഭീകരവാദ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തിരുന്നു. ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി സജ്ജമാക്കിയിരുന്ന ലോഞ്ച് പാഡുകൾ എന്നറിയപ്പെടുന്ന ഈ കേന്ദ്രങ്ങൾ കൃത്യമായ ആക്രമണങ്ങളിലൂടെയാണ് ഇന്ത്യൻ സൈന്യം നശിപ്പിച്ചത്. ഭീകരസംഘടനകളുടെ ആസ്ഥാനങ്ങൾ വരെ ആക്രമണത്തിൽ തകർന്നു. ഇതോടെയാണ് അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലേക്ക് പ്രവർത്തനം മാറ്റാൻ ഭീകരർ നിർബന്ധിതരായത്. ഇന്ത്യയുടെ വ്യോമാക്രമണങ്ങളിൽ നിന്നും കര വഴിയുള്ള മിന്നലാക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാനാണ് ഈ നീക്കം.
ലഷ്‌കറെ ത്വയ്ബ പുതിയ കേന്ദ്രം ആരംഭിച്ചു
2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ലഷ്‌കറെ ത്വയ്ബ ഖൈബർ പഖ്തൂൺഖ്വയിലെ ലോവർ ദിർ ജില്ലയിൽ പുതിയ കേന്ദ്രം ആരംഭിച്ചു. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നിന്ന് വെറും 47 കിലോമീറ്റർ മാത്രം അകലെയാണിത്. ‘മർക്കസ് ജിഹാദി അഖ്‌സ’ എന്ന പേരിൽ ആരംഭിച്ച ഈ ഭീകരവാദ പരിശീലന കേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്.
4600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ കേന്ദ്രത്തിൽ ഒരു പള്ളി, പരിശീലന സൗകര്യങ്ങൾ, താമസത്തിനുള്ള കെട്ടിടങ്ങൾ എന്നിവയുണ്ട്. വിവിധ ആവശ്യങ്ങൾക്കായി വന്ന ഫണ്ടുകൾ ലഷ്‌കർ ഈ കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി വകമാറ്റി ചെലവഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഡിസംബറോടെ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കാനാണ് ലഷ്‌കർ നേതൃത്വം ലക്ഷ്യമിടുന്നത്.
പരിശീലനത്തിന് പുതിയ കമാൻഡർ
ഹൈദരാബാദ് സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരന്മാരിലൊരാളായ നാസർ ജാവേദാണ് ഈ കേന്ദ്രത്തിലെ കമാൻഡർ എന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. ഇതിന് പുറമെ ബിലാൽ ഭായി എന്നറിയപ്പെടുന്ന മുഹമ്മദ് യാസിൻ, അനസുള്ള ഖാൻ എന്നീ ഭീകരവാദി നേതാക്കൾ പുതിയതായി റിക്രൂട്ട് ചെയ്യുന്നവർക്ക് ആയുധ പരിശീലനം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കും. ലഷ്‌കറിന്റെ പുതിയ ചാവേർ ഗ്രൂപ്പുകൾക്കുള്ള പരിശീലനവും ഇവിടെയായിരിക്കുമെന്നാണ് സൂചന.
മെയ് ഏഴിന് ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിൽ ലഷ്‌കറിന്റെ പാക് അധീന കശ്മീരിലെ മർക്കസ് അൽ ഹദീസ് എന്ന ഭീകരവാദ കേന്ദ്രം പൂർണ്ണമായി തകർന്നിരുന്നു. ഇതിന് ശേഷം ഏകദേശം രണ്ടുമാസം കഴിഞ്ഞാണ് ലഷ്‌കർ താവളം അഫ്ഗാൻ അതിർത്തിയിലേക്ക് മാറ്റിയത്.
മറ്റ് സംഘടനകളും താവളമുറപ്പിക്കുന്നു
ലഷ്‌കറിന്റെ കേന്ദ്രത്തിന് നാല് കിലോമീറ്ററിനുള്ളിൽ തന്നെ ഹിസ്ബുൾ മുജാഹിദീന്റെ ഭീകരവാദ കേന്ദ്രവുമുണ്ട്. മറ്റൊരു പ്രധാന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദും പ്രദേശത്ത് സ്വന്തം താവളം സജ്ജമാക്കാനുള്ള ശ്രമത്തിലാണ്.
ഖൈബർ പഖ്തൂൺഖ്വയിൽ പാകിസ്താനെതിരായി പ്രവർത്തിക്കുന്ന തെഹ്‍രീകെ താലിബാൻ പാകിസ്താൻ (ടിടിപി) എന്ന പാക് താലിബാനെതിരെ പാകിസ്താൻ സൈന്യം ശക്തമായ നടപടികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പാക് സൈനിക നീക്കങ്ങളെ തുടർന്ന് ടിടിപിക്ക് സ്വാധീനം നഷ്ടപ്പെടുന്ന മേഖലകളിൽ പാകിസ്താൻ അനുകൂല ഭീകരസംഘടനകൾ താവളമുറപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
Operation Sindoor backfires, Pakistani terrorist organizations shift bases to Afghan border