തിരുവനന്തപുരം: ശബരിമലയുടെ പേരില്‍ സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശബരിമലയുടെ കാര്യത്തില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇല്ലാതിരുന്ന ആഗോള അയ്യപ്പ സംഗമം ഇപ്പോള്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്നില്‍ കണ്ട് മാത്രമാണ്. യുഡിഎഫും കോണ്‍ഗ്രസും എന്നും വിശ്വാസികള്‍ക്കൊപ്പമാണ്.
\ആഗോള അയപ്പ സംഗമം യുഡിഎഫ് ബഹിഷ്‌കരിക്കില്ലെന്നും ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയശേഷം ക്ഷണിച്ചാല്‍ അപ്പോള്‍ നിലപാട് പറയുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിക്കല്‍, ആചാരസംരക്ഷണത്തിനായുള്ള സമരങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്കണം., ആഗോള അയ്യപ്പ സംഗമം നടത്തുന്ന സര്‍ക്കാര്‍ നിരവധി ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി നല്കണം. സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാണോ.
നാമജപ ഘോഷയാത്ര അടക്കമുള്ള സമരങ്ങള്‍ക്കെതിരെയെടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍നിലപാട് സ്വീകരിക്കുമോ എന്നും വ്യക്തമാക്കണം. ശബരിമലയുടെ വികസനത്തിന് ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഇങ്ങനെ സംഗമം നടത്തുന്നതെന്നും തങ്ങള്‍ മുന്നോട്ടു വെച്ച ചോദ്യങ്ങള്‍ക്കുളള മറുപടി സര്‍ക്കാര്‍ നല്കട്ടെയെന്നും സതീശന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
Opposition accuses government of political exploitation in the name of Sabarimala: Opposition leader demands government to respond to cases related to the protest for the protection of rituals