ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സൈനികമേധാവി ജനറൽ അസിം മുനീറും യുഎ സ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. സെപ്റ്റംബർ 25ന് യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ന്യൂയോർക്കിൽ വച്ചാകും ഈ കൂടിക്കാഴ്ച നടക്കുകയെന്ന് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിലെ പ്രളയം, ഖത്തറിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണം, ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിലെ പിരിമുറുക്കം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ പ്രധാന വിഷയങ്ങളാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പാക്കിസ്ഥാൻ സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസോ വാഷിങ്ടണിലെ പാക്കിസ്ഥാൻ എംബസിയോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ജനറൽ അസിം മുനീറിന്റെ തുടർച്ചയായ യുഎസ് സന്ദർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ചയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ ട്രംപ് മുനീറിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതോടെയാണ് യുഎസും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും ഊഷ്മളമായത്. ഈ സന്ദർശനത്തിന് പിന്നാലെ, യുഎസും പാക്കിസ്ഥാനും തമ്മിൽ ഒരു വ്യാപാര കരാർ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഏറെക്കാലത്തെ നയതന്ത്ര അകൽച്ചയ്ക്ക് ശേഷം, ഈ കൂടിക്കാഴ്ച യുഎസ്-പാക്കിസ്ഥാൻ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമോ എന്നാണ് രാജ്യാന്തര നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ഈ കൂടിക്കാഴ്ചയിൽ ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിലെ സംഘർഷവും ഒരു പ്രധാന ചർച്ചാവിഷയമായേക്കാം. ജമ്മു കശ്മീരിലെ സ്ഥിതിഗതികളും ഓപ്പറേഷൻ സിന്ദൂർ പോലുള്ള സൈനിക നീക്കങ്ങളും ചർച്ചയിൽ ഉയർന്നുവന്നേക്കാം. പാക്കിസ്ഥാന്റെ ആഭ്യന്തര പ്രശ്നങ്ങളും പ്രാദേശിക സുരക്ഷാ വിഷയങ്ങളും ട്രംപുമായുള്ള ചർച്ചയിൽ സ്ഥാനം പിടിച്ചേക്കുമെന്നാണ് സൂചന. ഈ കൂടിക്കാഴ്ച യുഎസ്-പാക്കിസ്ഥാൻ ബന്ധത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.