റഷ്യയുമായി നല്ല ബന്ധം പാക്കിസ്ഥാനും വേണം; ഇന്ത്യ-റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു: ഷഹബാസ് ഷെരീഫ്

റഷ്യയുമായി നല്ല ബന്ധം  പാക്കിസ്ഥാനും വേണം; ഇന്ത്യ-റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു: ഷഹബാസ് ഷെരീഫ്

ബെയ്ജിങ്: ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ പാക്കിസ്ഥാൻ ബഹുമാനിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷഹബാസ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയും റഷ്യയുമായുള്ള ബന്ധം മികച്ചതാണെന്നും, റഷ്യയുമായി നല്ല ബന്ധം സ്ഥാപിക്കാൻ പാക്കിസ്ഥാനും ആഗ്രഹമുണ്ടെന്നും ഷെരീഫ് വ്യക്തമാക്കി. “മേഖലയുടെ വികസനത്തിനും പുരോഗതിക്കുമായി ശക്തമായ ബന്ധങ്ങൾ സ്ഥാപിക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നു,” ഷഹബാസ് ഷെരീഫ് പറഞ്ഞു. പുട്ടിൻ ഒരു ഊർജസ്വലനായ നേതാവാണെന്നും അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈന ജപ്പാനെ രണ്ടാം ലോകയുദ്ധത്തിൽ പരാജയപ്പെടുത്തിയതിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി നടന്ന പരേഡിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരു നേതാക്കളും. ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷം പുട്ടിനും ഷെരീഫും ചൈനയിൽ തുടരുകയായിരുന്നു. അതേസമയം, ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഉച്ചകോടിക്കിടെ മോദി പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് യു.എസ്. ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയ സാഹചര്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച. യു.എസ്സിനെതിരെ ഇന്ത്യ-റഷ്യ-ചൈന കൂട്ടുകെട്ട് രൂപപ്പെടുന്നതിനും ഷാങ്ഹായ് ഉച്ചകോടി വേദിയായിരുന്നു. പുട്ടിന്റെ ആവശ്യപ്രകാരം അദ്ദേഹവും മോദിയും ഉഭയകക്ഷി ചർച്ചയ്ക്കായി ഒരേ കാറിലാണ് യാത്ര ചെയ്തത്.

Pakistan wants good relations with Russia; respects India-Russia relations: Shahbaz Sharif

Share Email
Top