പാലിയേക്കര ടോൾ പിരിവ് പുനഃസ്ഥാപിക്കില്ല; ഹൈക്കോടതി ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

പാലിയേക്കര ടോൾ പിരിവ് പുനഃസ്ഥാപിക്കില്ല; ഹൈക്കോടതി ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

കൊച്ചി: ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവ് പുനഃസ്ഥാപിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ പിരിവ് താത്കാലികമായി മരവിപ്പിച്ച ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച്എഐ) ആവശ്യം കോടതി തള്ളി. സർവീസ് റോഡുകളിലെ പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണെന്നും, കേന്ദ്ര സർക്കാരിന്റെ തീരുമാനം വരുന്നതുവരെ ടോൾ പിരിവ് തുടരേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. ജില്ലാ കളക്ടറോട് ഓൺലൈനായി നാളെ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി.

ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ ടോൾ പിരിവ് ഇന്നുവരെ തടഞ്ഞിരുന്ന ഉത്തരവ്, ഹർജിയിൽ അന്തിമ തീരുമാനമാകുന്നതുവരെ തുടരുമെന്ന് കോടതി വ്യക്തമാക്കി. ജില്ലാ കളക്ടർ നടത്തിയ പരിശോധനകളെക്കുറിച്ച് കോടതി ചോദ്യം ഉന്നയിച്ചു. അതേസമയം, ദേശീയപാത അതോറിറ്റി 15 ദിവസത്തെ സാവകാശം കൂടി ആവശ്യപ്പെട്ടു.

Share Email
Top