ന്യൂഡല്‍ഹി: ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാം വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. യു.എന്‍ പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം ഇന്ത്യന്‍ പ്രതിനിധിയായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുടെ പേരാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ പുറത്തിറക്കിയിരുന്ന പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 26 ന് യുഎന്‍ അസംബ്ലിയില്‍ പ്രസംഗിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ- അമേരിക്ക താരിഫ് തര്‍ക്കം ഉള്‍പ്പെടെ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി യുഎന്‍ അസംബ്ലി ഒഴിവാക്കിയതായാണ് റിപ്പോട്ടുകള്‍.
ഈ മാസം 23 മുതല്‍ 29 വരെ നീണ്ടുനില്‍ക്കുന്ന ഉന്നതതല സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ ഇന്ത്യയെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പ്രതിനിധീകരിക്കും. ബ്രസീല്‍, യു.എസ്., ചൈന, ഇസ്രായേല്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സെപ്റ്റംബര്‍ 23-ന് യുഎന്‍ അസംബ്ലിയില്‍ പ്രസംഗിക്കും.
കാലാവസ്ഥാ പ്രതിസന്ധി, ജന്‍ഡര്‍ സമത്വം, ആണവായുധ നശീകരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവര്‍ണന്‍സ്, യുവജന ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.
PM Modi To Skip UN Session, S Jaishankar Likely To Represent India