ഡൽഹി: മരിച്ചുപോയ തന്‍റെ അമ്മയ്ക്കെതിരെ അസഭ്യ മുദ്രാവാക്യം വിളിച്ച കോൺഗ്രസിനും ആർജെഡിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ബിഹാറിൽ വനിതകൾക്കുള്ള സംരംഭകത്വ വികസന നിധിയുടെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കവെ, തന്റെ അമ്മ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ലെന്നും, അവരെ അപമാനിച്ചത് ബിഹാറിലെ എല്ലാ അമ്മമാർക്കുമെതിരായ അവഹേളനമാണെന്നും മോദി വൈകാരികമായി പ്രതികരിച്ചു. ആർജെഡിയും കോൺഗ്രസും ജനങ്ങളോട് മാപ്പ് പറയണമെന്നും, ബിഹാറിലെ ജനങ്ങൾ ഇത്തരം അപമാനങ്ങൾ ഒരിക്കലും ക്ഷമിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ആർജെഡി ഭരണകാലത്ത് വനിതകൾക്കെതിരെ ആക്രമണങ്ങൾ വർധിച്ചുവെന്നും, അഴിമതിക്കാരെയും ബലാത്സംഗ കുറ്റവാളികളെയും സംരക്ഷിച്ചുവെന്നും മോദി ആരോപിച്ചു. വനിതകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാത്ത അവരുടെ ഭരണം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഹർ ഹർ സ്വദേശി, ഹർ ഘർ സ്വദേശി’ എന്ന മുദ്രാവാക്യവും മോദി മുന്നോട്ടുവെച്ചു. രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്ക് ഇത് അനിവാര്യമാണെന്നും, വ്യാപാരികൾ സ്വദേശി ഉൽപ്പന്നങ്ങളെ അഭിമാനത്തോടെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.