പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 13-ന് മണിപ്പൂരും മിസോറാമും സന്ദർശിക്കുമെന്ന് റിപ്പോർട്ട്. 2023 മെയ് മുതൽ കുക്കി-മെയ്തെയ് സംഘർഷം തുടരുന്ന മണിപ്പൂരിലേക്ക് മോദി ആദ്യമായാണ് എത്തുന്നത്. മിസോറാമിലെ ഐസ്വാളിൽ ഉദ്ഘാടന പരിപാടികൾക്ക് ശേഷം മണിപ്പൂരിലെ ഇംഫാലിലെ കാംഗ്ലയിലും ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലും പരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. എന്നാൽ, കേന്ദ്രസർക്കാരോ മണിപ്പൂരിലെ ഉദ്യോഗസ്ഥരോ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മണിപ്പൂർ ചീഫ് സെക്രട്ടറി അടുത്തിടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായി സൂചനയുണ്ട്.
മണിപ്പൂരിൽ 250-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങൾ പലായനം ചെയ്യുകയും ചെയ്ത സംഘർഷം തുടങ്ങിയതുമുതൽ പ്രതിപക്ഷം മോദിയോട് സംസ്ഥാനം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോലും മോദി മണിപ്പൂർ സന്ദർശിക്കാത്തത് പ്രതിപക്ഷം വിമർശനായുധമാക്കി. കേന്ദ്രസർക്കാരിന്റെ പ്രശ്നപരിഹാര ശ്രമങ്ങൾ വിജയിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിൽ, ബിജെപി മുഖ്യമന്ത്രി ബീരേൻ സിംഗ് രാജിവെച്ചതിനെ തുടർന്ന് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ, സമാധാന ചർച്ചകളിൽ പങ്കെടുത്ത ഗോത്രനേതാവ് നെഹ്കാം ജാംഹാവോയെ അസമിൽ കുക്കി സായുധ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി ആരോപണമുയർന്നിട്ടുണ്ട്.