തിരുവനന്തപുരം : പേരൂർക്കടയിലെ വ്യാജ മോഷണക്കേസിൽ ട്വിസ്റ്റ് . അന്വേഷണത്തിൽ പിഴവ് വന്നതോടെ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച പോലീസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെ പുനരന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും, ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാൻ പോലീസ് കെട്ടിച്ചമച്ച കഥയാണ് ഇതെന്നുമാണ് ഡിവൈഎസ്‌പി റിപ്പോർട്ടിൽ പറയുന്നത്. യഥാർത്ഥത്തിൽ മറവിരോഗമുള്ള വീട്ടുടമസ്ഥ ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വെച്ച് മറന്നുപോയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പിന്നീട് ഓമന ഡാനിയേൽ തന്നെയാണ് മാല കണ്ടെത്തിയത്.പോലീസ് പറഞ്ഞതുപോലെ മാല വീടിന്റെ പിന്നിലെ ചവർകൂനയിൽ നിന്ന് കണ്ടെത്തിയെന്ന കഥ നുണയാണെന്നും, ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തതിനെ ന്യായീകരിക്കാൻ പോലീസ് ഉണ്ടാക്കിയ കഥയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിന്ദുവിനെ അന്യായമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചതിനെക്കുറിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവകുമാറിനും അറിയാമായിരുന്നു. രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്തത് സിസിടിവിയിൽ വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദളിത് യുവതിയെ കേസിൽ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ് എച്ച് ഒ ശിവകുമാർ, വീട്ടുടമസ്ഥ ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടിവേണമെന്നും അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. ഈ സംഭവത്തിൽ നേരത്തെ എസ്ഐയെയും എഎസ്ഐയെയും സസ്പെൻഡ് ചെയ്യുകയും സ്റ്റേഷൻ ഇൻസ്പെക്ടറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.