മകൾ അലംകൃതയ്ക്ക് പതിനൊന്നാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ ആശംസകൾ നേർന്ന് പൃഥ്വിരാജ്.
ആലി എന്നു വിളിക്കുന്ന അലംകൃതയുടെ പുതിയ ചിത്രങ്ങൾക്കൊപ്പം, ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ എന്നാണ് പൃഥ്വിരാജ് മകളെ വിശേഷിപ്പിച്ചത്. മകൾ എന്നതിനപ്പുറം, ചിലപ്പോൾ അമ്മയായും, മൂത്ത സഹോദരിയായും, തെറാപ്പിസ്റ്റായും തന്റെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന ആലിയെക്കുറിച്ച് സ്നേഹനിർഭരമായ വാക്കുകളാണ് താരം കുറിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഈ കുറിപ്പും ചിത്രങ്ങളും ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടി.

പൃഥ്വിരാജിന്റെ കുറിപ്പിൽ, ആലിയെ ഇങ്ങനെ വർണിക്കുന്നു: “ചില സമയങ്ങളിൽ എന്റെ പാർട്ട് ടൈം മൂത്ത സഹോദരി, ചിലപ്പോൾ അമ്മ, മുഴുവൻ സമയ തെറാപ്പിസ്റ്റ്, ഇടയ്ക്കിടെ മകൾ– ഇവയെല്ലാമായ ആലിക്ക് ജന്മദിനാശംസകൾ!” തന്റെ ജീവിതത്തിൽ ആലി എപ്പോഴും ഒരു സൂര്യപ്രകാശമാണെന്നും, താൻ അവളെ അതിയായി സ്നേഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മയും ദാദയും ആലിയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അവർക്ക് അവൾ എപ്പോഴും പ്രിയപ്പെട്ടവളാണെന്നും പൃഥ്വിരാജ് കുറിച്ചു.
ഈ ജന്മദിന കുറിപ്പും അലംകൃതയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേർ ആലിക്ക് പിറന്നാൾ ആശംസകളുമായി എത്തി. അലംകൃതയുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങൾ പൃഥ്വിരാജും സുപ്രിയയും വളരെ അപൂർവമായേ പങ്കുവയ്ക്കാറുള്ളൂ. അതിനാൽ, ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.












