കാലിഫോർണിയ: മുപ്പത് വർഷത്തിലേറെയായി യുഎസിലെ കാലിഫോർണിയയിൽ താമസിക്കുന്ന 73 വയസ്സുള്ള സിഖ് വംശജയായ ഹർജിത് കൗറിനെ ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തു. ഇത് കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും ഇടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ഈ ആഴ്ച ആദ്യം പതിവ് പരിശോധനയ്ക്കായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐ.സി.ഇ.) ഓഫീസിലെത്തിയപ്പോഴാണ് ഹർജിത് കൗറിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്ന് ബെർക്ക്‌ലിസൈഡ് എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വാർത്താ പോർട്ടൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച സാൻഫ്രാൻസിസ്കോ ഓഫീസിൽ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ഐ.സി.ഇ. അവരോട് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം അവരെ ബേക്കേഴ്സ്ഫീൽഡിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച കുടുംബാംഗങ്ങളും നൂറുകണക്കിന് ആളുകളും ഹർജിത് കൗറിനെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു.
എബിസി7 ന്യൂസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഹർജിത് കൗറിന് നിയമപരമായ യാത്രാരേഖകൾ ഉണ്ടായിരുന്നില്ല. 1992-ൽ രണ്ട് മക്കളോടൊപ്പം ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് വന്നതാണ് ഇവർ. 2012-ൽ ഇവരുടെ അഭയാർത്ഥി അപേക്ഷ നിരസിക്കപ്പെട്ടു. എന്നാൽ, കഴിഞ്ഞ 13 വർഷമായി ഓരോ ആറ് മാസം കൂടുമ്പോഴും സാൻഫ്രാൻസിസ്കോയിലെ ഐ.സി.ഇ. ഓഫീസിൽ അവർ കൃത്യമായി റിപ്പോർട്ട് ചെയ്തിരുന്നതായി മരുമകൾ മഞ്ജി കൗർ പറഞ്ഞു.