നേപ്പാളില്‍ യുവാക്കളുടെ പ്രക്ഷോഭം ശക്തമാകുന്നു. സര്‍ക്കാര്‍ വിവിധ സാമൂഹികമാധ്യമങ്ങളിലേറ്റ നിരോധനം പിന്‍വലിച്ചിട്ടും, 19 പേര്‍ കൊല്ലപ്പെട്ട തിങ്കളാഴ്ചത്തെ സംഭവത്തിനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനെയാണെന്നാരോപിച്ച് പ്രതിഷേധം തുടർന്നിരിക്കുകയാണ്. സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കള്‍ വീണ്ടും തെരുവിലിറങ്ങിയത്.
ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ 26 സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സര്‍ക്കാര്‍ നിരോധിച്ചതോടെ ‘ജെന്‍ സീ വിപ്ലവം’ എന്ന പേരില്‍ വെള്ളിയാഴ്ചയാണ് പ്രക്ഷോഭം ആരംഭിച്ചത്. സര്‍ക്കാര്‍ തിങ്കളാഴ്ച ശക്തമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ കലാപം വ്യാപിച്ചു. 19 പേര്‍ കൊല്ലപ്പെടുകയും 347 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് രാത്രി നിരോധനം പിന്‍വലിക്കേണ്ടി വന്നു. എന്നാല്‍, യുവാക്കള്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ചയും പ്രതിഷേധം ശക്തമാക്കി.
കാഠ്മണ്ഡുവില്‍ പാര്‍ലമെന്റിന് മുന്നില്‍ നൂറുകണക്കിന് യുവാക്കളാണ് ചൊവ്വാഴ്ച രാവിലെ കൂടി വന്നത്. കര്‍ഫ്യൂ നിലനിന്നിട്ടും അവർ തെരുവിലിറങ്ങി. പ്രതിഷേധക്കാരെ സായുധ പോലീസ് നീക്കി, പലരെയും കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു.
പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി ഒലിയുടെ വസതിയുൾപ്പെടെ പ്രസിഡന്റ് രാം ചന്ദ്ര പൗഡേല്‍, നിരവധി മന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദൗബ, മാവോയിസ്റ്റ് നേതാവ് പുഷ്പ കമാല്‍ ദഹല്‍ എന്നിവരുടെ വീടുകളും ആക്രമിച്ച് തീകൊളുത്തി. കാറുകള്‍, മുനിസിപ്പല്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയും തകര്‍ക്കപ്പെട്ടു. മുന്‍ ആഭ്യന്തരമന്ത്രി രമേഷ് ലേഖകിന്റെ വസതിക്കും ആക്രമണമുണ്ടായി. പ്രതിഷേധത്തിനിടെ രണ്ടുപേര്‍ക്ക് വെടിയേറ്റുവെന്ന റിപ്പോര്‍ട്ടുമുണ്ട്.
സ്ഥിതിഗതികള്‍ കടുത്തതോടെ ജലവിതരണ മന്ത്രി പ്രദീപ് യാദവ്, കൃഷി മന്ത്രി രാംനാഥ് അധികാരി എന്നിവരും രാജിവെച്ചു. ഇതിനിടെ പ്രധാനമന്ത്രി ഒലി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന. ഒലി ദുബായിലേക്ക് ചികിത്സയ്‌ക്കെന്ന പേരില്‍ പോകാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
സോഷ്യല്‍മീഡിയ നിരോധനത്തോടെയാണ് സ്‌കൂള്‍, കോളേജ് യൂണിഫോം ധരിച്ച യുവാക്കളും തെരുവിലിറങ്ങിയത്. കാഠ്മണ്ഡുവില്‍ തുടങ്ങി പൊഖറ, ഭരത്പുര്‍, ബട്വാള്‍, ഭൈരഹവ, ഇതാഹരി, ഡമകക് തുടങ്ങി പല നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. പാര്‍ലമെന്റ് വളപ്പിലേക്ക് പ്രതിഷേധക്കാര്‍ കടന്നതോടെ പോലീസ് വെടിവെപ്പും കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. തുടര്‍ന്ന് തലസ്ഥാനത്ത് സൈന്യം ഇറക്കി.
ഐടി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത 26 സാമൂഹികമാധ്യമങ്ങളാണ് നിരോധിച്ചത്. നിര്‍ദേശം പാലിച്ച ടിക്‌ടോക്ക്, വൈബര്‍, നിംബസ്, വിറ്റ്ക്, പോപോ ലൈവ് എന്നിവയ്ക്ക് വിലക്ക് ഉണ്ടായിരുന്നില്ല. ഇവയിലൂടെ തന്നെയാണ് യുവാക്കള്‍ ആളെക്കൂട്ടിയത്. അഭിപ്രായസ്വാതന്ത്ര്യം തങ്ങളുടെ അവകാശമാണെന്നും അഴിമതിക്കെതിരെ നടപടിയെടുക്കണമെന്നും സാമ്പത്തിക അസമത്വം ഇല്ലാതാക്കണമെന്നും യുവാക്കള്‍ ആവശ്യപ്പെടുന്നു. പ്രക്ഷോഭത്തെത്തുടര്‍ന്ന് ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Protests continue in Nepal; Prime Minister’s and President’s residences set on fire; Two more ministers resign