ദോഹ: ഖത്തറിന്റെ പരമാധികാരത്തിനു പ്രഹരമേല്‍പ്പിച്ച് ദോഹയില്‍ ഇസ്രയേല്‍ ഹമാസിനു നേരെ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി. സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ ഇസ്രയേല്‍ ആക്രമണത്തെ രാഷ്ട്രഭീകരത എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസ് ബന്ദികളാക്കിയവരുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുവെന്നും സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കിയെന്നും ഷെയ്ഖ് അല്‍ താനി വ്യക്തമാക്കി. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച ഇസ്രയേലി നേതാവിനെ ‘നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിഎന്‍എന്നിലെ ബെക്കി ആന്‍ഡേഴ്സണുമായുള്ള അഭിമുഖത്തിലാണ് ഷെയ്ഖ് അല്‍ താനി ഇസ്രയേല്‍ ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണ് ഖത്തര്‍. അതുകൊണ്ടുതന്നെ, ഇസ്രയേല്‍ ആക്രമണത്തില്‍നിന്ന് തങ്ങള്‍ സുരക്ഷിതരാണെന്ന് ഖത്തര്‍ കരുതിയിരുന്നു. നാലുമാസം മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ സന്ദര്‍ശിച്ചത്. ഹൃദ്യമായി സ്വാഗതമരുളുക മാത്രമല്ല, യുഎസുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറുകളില്‍ ഖത്തര്‍ ഒപ്പിട്ടു. ട്രംപ് മടങ്ങുന്നതിന് മുമ്പായി, വിവാദമായ ഒരു പ്രസിഡന്‍ഷ്യല്‍ വിമാനം ഖത്തറിന് സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ ഖത്തര്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള പുതിയ വെടിനിര്‍ത്തല്‍-ബന്ദി കരാര്‍ മുന്നോട്ട് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി, ഹമാസിന്റെ മുഖ്യ മധ്യസ്ഥന്‍ ഖലീല്‍ അല്‍-ഹയ്യയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം നടക്കാനിരുന്ന അടുത്ത യോഗത്തില്‍ ഹമാസിന്റെ മറുപടി പ്രതീക്ഷിച്ചിരുന്ന ഖത്തറിന് പക്ഷേ മറ്റൊരു വാര്‍ത്തയാണ് ലഭിച്ചത്. മറുപടിക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ്, ഇസ്രയേലി ജെറ്റുകള്‍ ദോഹയിലെ ഒരു പാര്‍പ്പിട സമുച്ചയത്തില്‍ ബോംബിട്ടു. അഞ്ച് ഹമാസ് അംഗങ്ങളും ഒരു ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
Qatari PM responds to Israeli attack on Hamas in Doha