ന്യൂഡൽഹി: കർണാടകയിലെ ആലാന്ദ് മണ്ഡലത്തിൽ 6,018 വോട്ടുകൾ വോട്ട് പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധി ആരോപിച്ചു. ‘വോട്ട് മോഷണ’ത്തിന് പിന്നിൽ ചില ശക്തികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യനേഷ് കുമാർ വോട്ട് ചോർച്ചക്ക് കൂട്ടുനിൽക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
“കർണാടകയിലെ ആലാന്ദ് മണ്ഡലത്തിൽനടന്ന ചോർച്ച രാഹുൽ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. ഇവിടെ 6,018 വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം നടന്നു. 2023-ലെ തിരഞ്ഞെടുപ്പിൽ ആലാന്ദിൽ എത്ര വോട്ടുകൾ നീക്കം ചെയ്തു എന്ന് കൃത്യമായി അറിയില്ല. 6,018-നേക്കാൾ കൂടുതലായിരിക്കും അത്. എന്നാൽ, ഈ 6,018 വോട്ടുകൾ നീക്കം ചെയ്തത് യാദൃച്ഛികമായി പിടിക്കപ്പെടുകയായിരുന്നു,” രാഹുൽ ഗാന്ധി പറഞ്ഞു.
സംഭവം വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “അവിടെയുള്ള ഒരു ബൂത്ത് ലെവൽ ഓഫീസർ, തന്റെ അമ്മാവൻ്റെ വോട്ട് ഡിലീറ്റ് ചെയ്തതായി ശ്രദ്ധിച്ചു. തുടർന്ന് ആരാണ് വോട്ട് നീക്കം ചെയ്തതെന്ന് അവർ പരിശോധിച്ചപ്പോൾ അത് അവരുടെ അയൽക്കാരനാണ് എന്ന് കണ്ടെത്തി. എന്നാൽ, താൻ വോട്ട് ഡിലീറ്റ് ചെയ്തിട്ടില്ലെന്ന് അയൽക്കാരൻ പറഞ്ഞു. വോട്ട് ഡിലീറ്റ് ചെയ്തയാൾക്കോ വോട്ട് നഷ്ടപ്പെട്ടയാൾക്കോ ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. മറ്റേതോ ശക്തികൾ ഈ പ്രക്രിയയെ ഹൈജാക്ക് ചെയ്ത് വോട്ട് നീക്കം ചെയ്യുകയായിരുന്നു.” എന്ന് രാഹുൽ പറഞ്ഞു.













