തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ശക്തമായ നീക്കങ്ങൾ ആരംഭിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാർ മാതൃകയിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഒരു യാത്ര സംസ്ഥാനത്ത് നടത്താനാണ് പ്രധാന ആലോചന. 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്ന ഈ യാത്രയിൽ രാഹുലിനൊപ്പം വയനാട് എംപികൂടിയായ പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും. ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെങ്കിലും യാത്ര നടത്താൻ ധാരണയായതായാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസ് മുഖ്യമന്ത്രിമാരും, പാർട്ടിയുടെ ദേശീയ നേതാക്കളും, താരപ്രചാരകരും യാത്രയുടെ ഭാഗമാകും.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്തും കൊച്ചിയിലും വീടുകൾ വാടകയ്ക്കെടുത്തു. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ മരുതംകുഴിയിലാണ് അദ്ദേഹം വീട് വാടകയ്ക്കെടുത്തത്. കൊച്ചിയിൽ വിമാനത്താവളത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ അങ്കമാലിയിലാണ് മറ്റൊരു വീട്. മലബാറിൽ താമസിച്ച് പ്രവർത്തിക്കുന്നതിനായി കോഴിക്കോടും ഒരു വീട് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള മൂന്ന് എഐസിസി സെക്രട്ടറിമാരും ഈ വീടുകളിലായിരിക്കും താമസിക്കുക എന്നാണ് വിവരം. വീടുകളുടെ പരിപാലന ചുമതല കെപിസിസിക്ക് ആയിരിക്കും.
മുമ്പ് സംസ്ഥാനത്തെത്തിയിരുന്ന എഐസിസി ജനറൽ സെക്രട്ടറിമാർ ഹോട്ടലുകളിലാണ് തങ്ങിയിരുന്നത്. വീരപ്പമൊയ്‌ലി, ഗുലാം നബി ആസാദ്, മധുസൂദനൻ മിസ്ത്രി തുടങ്ങിയ നേതാക്കളെല്ലാം കേരളത്തിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു പതിവ്. താരിഖ് അൻവറും മുകുൾ വാസ്‌നിക്കും പല ഘട്ടങ്ങളിലായി ഡൽഹിയിൽ നിന്നെത്തി പര്യടനങ്ങൾ നടത്തിയിരുന്നെങ്കിലും ദീപാദാസ് മുൻഷിയുടെ സമീപനം വ്യത്യസ്തമാണ്. അദ്ദേഹം സംസ്ഥാനത്ത് കൂടുതൽ ദിവസം തങ്ങുകയും രണ്ടാം നിര നേതാക്കളുമായി പോലും ആശയവിനിമയം നടത്തുകയും ചെയ്യുന്നു. തലസ്ഥാനത്ത് മാത്രം ഒതുങ്ങാതെ വിവിധ ജില്ലകളിലെ ഡിസിസി നേതൃയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് അധികാരത്തിലെത്തിയ തെലങ്കാനയിലും ദീപാദാസ് മുൻഷി വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ മാത്രമാണ് മുന്നണി ഭരണത്തിലെത്തിയാൽ പാർട്ടിക്ക് മുഖ്യമന്ത്രിയെ ലഭിക്കുക. കേരളത്തിൽ ഭരണം നഷ്ടപ്പെടുത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ‘ഡൂ ഓർ ഡൈ’ എന്ന സന്ദേശമാണ് ഹൈക്കമാൻഡ് പ്രതിനിധിയായ ദീപാദാസ് മുൻഷി നേതാക്കൾക്ക് നൽകിയിരിക്കുന്നത്.
Rahul Gandhi’s Kerala Yatra is coming; This time, the Congress high command is looking for all ways to seize power in the state