രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശനിയാഴ്ച പാലക്കാട് എത്തിയേക്കും; തടയാൻ ഡിവൈഎഫ്‌ഐയും ബിജെപിയും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശനിയാഴ്ച പാലക്കാട് എത്തിയേക്കും; തടയാൻ ഡിവൈഎഫ്‌ഐയും ബിജെപിയും

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തുമെന്ന് സൂചന. ഞായറാഴ്ച വൈകുന്നേരം വരെ പാലക്കാട്ട് തുടരാനാണ് സാധ്യത. ആദ്യഘട്ടത്തിൽ പൊതുപരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും ക്യാമ്പിന്റെ തീരുമാനം.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഡിവൈഎഫ്‌ഐയുടെയും ബിജെപിയുടെയും തീരുമാനം. എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധമുണ്ടാകുമെന്ന് ബിജെപിയും അറിയിച്ചിട്ടുണ്ട്. എംഎൽഎ ഓഫീസിലേക്ക് എത്തിയാലും പ്രതിഷേധം ഉണ്ടാകും.

രാഹുലിനെ ജില്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡൻറ് ആർ. ജയദേവൻ വ്യക്തമാക്കി. രാഹുലിനൊപ്പം തിങ്കളാഴ്ച നിയമസഭയിൽ എത്തിയത് യൂത്ത് കോൺഗ്രസിൻ്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ്.

തിങ്കളാഴ്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് റോഡിൽ എസ്എഫ്‌ഐ പ്രവർത്തകർ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. ഏതാനും മിനിറ്റോളം പ്രതിഷേധം തുടർന്നപ്പോഴാണ് പോലീസ് സ്ഥലത്തെത്തിയത്.

പിന്നീട് പ്രവർത്തകരെ പോലീസ് പിടിച്ചുമാറ്റിയെങ്കിലും വാഹനം മുന്നോട്ടെടുക്കാൻ രാഹുൽ തയ്യാറായില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തി ആവശ്യപ്പെട്ടതിനെ തുടർന്ന് മാത്രമാണ് വാഹനം കടന്നുപോയത്.

യൂത്ത് കോൺഗ്രസ് ഒരേസമയം ഇരയോടൊപ്പം എന്ന് പറയുകയും രാഹുലിനൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഡിവൈഎഫ്‌ഐയുടെ വിമർശനം. യൂത്ത് കോൺഗ്രസ് പിരിച്ചുവിടണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Rahul Mangkootathil MLA may reach Palakkad on Saturday; DYFI and BJP to stop him

Share Email
Top