രാഹുലിന്റെ ‘ഹൈഡ്രജൻ ബോംബ്’ ഇനി വാരാണസിയിൽ പൊട്ടും; മോദിയുടെ വോട്ട് മോഷണം തുറന്നുകാട്ടുമെന്ന് സൂചന നൽകി കോൺഗ്രസ്

രാഹുലിന്റെ ‘ഹൈഡ്രജൻ ബോംബ്’ ഇനി വാരാണസിയിൽ പൊട്ടും; മോദിയുടെ വോട്ട് മോഷണം തുറന്നുകാട്ടുമെന്ന് സൂചന നൽകി കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ പിടിച്ചുലച്ച രാഹുൽ ഗാന്ധിയുടെ ‘ആറ്റംബോബി’നു പിന്നാലെ പ്രഖ്യാപിച്ച ഹൈഡ്രജൻ ബോംബ് എന്തായിരിക്കുമെന്ന ആകാംഷയിലാണ് ദേശീയ രാഷ്ട്രീയം. ബിഹാറിലെ പട്‌നയിൽ കഴിഞ്ഞ ദിവസം സമാപിച്ച വോട്ടർ അധികാർ യാത്രയുടെ സമാപന റാലിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു ആറ്റംബോംബിനു ശേഷം, ഇനി ഹൈഡ്രജൻ ബോംബ് പൊട്ടുമെന്ന് രാഹുൽ മുന്നറിയിപ്പു നൽകിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ മുൻനിർത്തി ബി.ജെ.പി നടത്തുന്ന വോട്ട് തട്ടിപ്പ് തുറന്നുകാട്ടിയതിന്റെ ഞെട്ടലിൽ രാജ്യം പകച്ചുനിൽക്കെയാണ് രാഹുലിന്റെ വെളിപ്പെടുത്തൽ.

എന്താണ് വരാനിരിക്കുന്നതെന്ന ചർച്ചകൾക്കിടെ സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനും വാരാണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിർ സ്ഥാനാർഥിയുമായിരുന്ന അജയ് റായ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഹൈഡ്രജൻ ബോംബ് പൊട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലായിരിക്കുമെന്നും, വാരാണസിയിലെ മോദിയുടെ വോട്ട് തട്ടിപ്പ് തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വിനാശകരമായ ഹൈഡ്രജൻ ബോംബ് ഏറ്റവും സുപ്രധാനമായ മണ്ഡലത്തിലായിരിക്കും പൊട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2024 ജൂൺ നാലിന് വോട്ടെണ്ണൽ ദിനത്തിൽ ഉച്ചക്ക് ഒരു മണിക്കു ശേഷം വാരാണസിയിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തും. വിജയിക്കാനായി മോദി ചതിച്ചുവെന്നും റായ് പറഞ്ഞു.

വോട്ടർ അധികാർ യാത്രയിലെ രാഹുലിന്റെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. താൻ മുമ്പ് നടത്തിയ വാർത്താസമ്മേളനം ആറ്റംബോംബ് ആയിരുന്നെങ്കിൽ അതിലും വലിയ ഹൈഡ്രജൻ ബോംബ് കൈവശമുണ്ടെന്നായിരുന്നു രാഹുലിന്റെ അവകാശവാദം.

‘ആറ്റംബോംബിനെക്കുറിച്ച് ബി.ജെ.പി കേട്ടിട്ടുണ്ടോ? ഞാനത് വാർത്താസമ്മേളനത്തിൽ കാണിച്ചതാണ്. ഇപ്പോൾ, അതിലും വലുതായ ഒന്നുണ്ട്-ഹൈഡ്രജൻ ബോംബ്. നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണം. വോട്ട് തട്ടിപ്പിനെക്കുറിച്ചുള്ള സത്യം രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടും. ആ ഹൈഡ്രജൻ ബോംബിന് ശേഷം പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ല.’ രാഹുൽ ഗാന്ധി പറഞ്ഞു.

തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ട വരാണസിയിൽ കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. 2014-ൽ 5.6 ലക്ഷം വോട്ടും, 2019-ൽ 6.74 ലക്ഷം വോട്ടും നേടിയ മോദിക്ക് 2024-ൽ 6.12 ലക്ഷം വോട്ടേ നേടാൻ കഴിഞ്ഞുള്ളൂ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ മോദി പിന്നിലായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായ അജയ് റായിയുടെ കുതിപ്പിനായിരുന്നു വാരാണസി സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണലിനിടെ മണിക്കൂറുകളോളം വാരാണസിയിലെ ഫലമൊന്നും പുറത്തുവരാതെ അനിശ്ചിതത്വം നിലനിന്നതും ശ്രദ്ധേയമായിരുന്നു. പിന്നീട് മോദി ലീഡ് പിടിച്ചു തുടങ്ങി. 1.52 ലക്ഷം വോട്ട് ഭൂരിപക്ഷത്തിനായിരുന്നു മോദിയുടെ ജയം. 2014-ൽ ഭൂരിപക്ഷം 3.71 ലക്ഷവും 2019-ൽ 4.79 ലക്ഷവുമായിരുന്നു മോദിയുടെ ലീഡ്.

Rahul’s ‘hydrogen bomb’ will now explode in Varanasi; Congress hints that Modi’s vote theft will be exposed

Share Email
LATEST
More Articles
Top